LogoLoginKerala

തങ്കുപ്പൂച്ചേ… ഉറക്കെ വിളിച്ചുനോക്കിയേ…

കോഴിക്കോട്: ഓണ്ലൈനായി മാറിയ കേരളത്തിലെ പഠനത്തിന് മലയാളികൾ സാക്ഷ്യം വഹിക്കുമ്പോള് സോഷ്യല് മീഡിയയില് വൈറലായ ഒരു ഓൺലൈൻ ക്ലാസ്സും ടീച്ചറുമുണ്ട്. അതേ, തങ്കുപ്പൂച്ചയുടെയും മിട്ടുപ്പൂച്ചയുടെയും കഥ പറഞ്ഞ ആ ടീച്ചര് തന്നെ. തങ്കുപ്പൂച്ചേ….ഒന്ന് എല്ലാവരും ഉറക്കെ വിളിച്ചുനോക്കിയേ….എന്നൊക്കെ പറഞ്ഞ് രസകരമായി ക്ലാസെടുത്ത ആ മിടുക്കി ടീച്ചര് ഇവിടെയുണ്ട്. വടകര ചോമ്പാല ഉപജില്ലയിലെ മുതുവടത്തൂര് VVLPസ്കൂൾ അധ്യാപികയായ സായി ശ്വേതയാണ് ആദ്യദിനത്തിലെ ഓണ്ലൈന് ക്ലാസിലൂടെ മലയാളികളുടെ മനംകവര്ന്നത്. ഒന്നാംക്ലാസിലെ കുട്ടികള്ക്കായിരുന്നു വിക്ടേഴ്സ് ചാനല് വഴിയുള്ള ടീച്ചറുടെ വെല്ക്കം ക്ലാസ്. …
 

കോഴിക്കോട്: ഓണ്‍ലൈനായി മാറിയ കേരളത്തിലെ പഠനത്തിന് മലയാളികൾ സാക്ഷ്യം വഹിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ഓൺലൈൻ ക്ലാസ്സും ടീച്ചറുമുണ്ട്. അതേ, തങ്കുപ്പൂച്ചയുടെയും മിട്ടുപ്പൂച്ചയുടെയും കഥ പറഞ്ഞ ആ ടീച്ചര്‍ തന്നെ.

തങ്കുപ്പൂച്ചേ….ഒന്ന് എല്ലാവരും ഉറക്കെ വിളിച്ചുനോക്കിയേ….എന്നൊക്കെ പറഞ്ഞ് രസകരമായി ക്ലാസെടുത്ത ആ മിടുക്കി ടീച്ചര്‍ ഇവിടെയുണ്ട്. വടകര ചോമ്പാല ഉപജില്ലയിലെ മുതുവടത്തൂര്‍ VVLPസ്‌കൂൾ അധ്യാപികയായ സായി ശ്വേതയാണ് ആദ്യദിനത്തിലെ ഓണ്‍ലൈന്‍ ക്ലാസിലൂടെ മലയാളികളുടെ മനംകവര്‍ന്നത്. ഒന്നാംക്ലാസിലെ കുട്ടികള്‍ക്കായിരുന്നു വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ടീച്ചറുടെ വെല്‍ക്കം ക്ലാസ്.

കുട്ടികളുടെ ഇഷ്ടം നേടുന്നതിനായി പൂച്ചകളെ കഥാപാത്രങ്ങളാക്കിയുള്ള കഥപറഞ്ഞാണ് ക്ലാസെടുത്ത്. ഇരുപത് മിനിട്ടോളം നീണ്ടു നിന്ന ക്ലാസ് കുട്ടികള്‍ ഏറെ ആസ്വദിക്കുകയും അധ്യാപകര്‍ മികച്ചതെന്നു വിലയിരുത്തുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെയാണ് ട്രോളന്‍മാര്‍ രംഗത്തിറങ്ങിയത്. ഇതോടെ വീഡിയോ വൈറലായി. വാട്‌സാപ്പ് ഗ്രൂപ്പുകളിലെല്ലാം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.

തങ്കുപ്പൂച്ചേ… ഉറക്കെ വിളിച്ചുനോക്കിയേ…

ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സായി ടീച്ചര്‍ക്ക് ഇതേക്കുറിച്ച് പറയാനുള്ളത്. ക്ലാസ് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുവെന്നറിയുന്നതില്‍ സന്തോഷമുണ്ട്. ടിക്ക്‌ടോക്ക് വീഡിയോകളൊക്കെ ചെയ്യാറുണ്ട്. പാട്ടും ഡാന്‍സുമൊക്കെ ഏറെ ഇഷ്ടമാണ്. കുഞ്ഞുങ്ങളെ പിടിച്ചിരുത്തുന്ന രീതിയില്‍ ക്ലാസെടുക്കാന്‍ ഇതൊക്കെ സഹായിച്ചെന്നാണ് കരുതുന്നത്. ട്രോളന്‍മാരോട് പരിഭവമില്ല. എത്ര രസകരമായാണ് നിമിഷനേരം കൊണ്ട് അവര്‍ വീഡിയോ വൈറലാക്കിയത്. അവര്‍ക്ക് നന്ദിയറിയിച്ചുകൊണ്ട് ഞാന്‍ എഫ്ബി പോസ്റ്റിട്ടിട്ടുണ്ട്.-ടീച്ചര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഓവറായെന്നും ഇങ്ങനെയല്ല ക്ലാസ് വേണ്ടതെന്നും മറ്റും ചിലയിടത്തു നിന്നൊക്കെ അഭിപ്രായങ്ങളുണ്ടെങ്കിലും കാര്യമാക്കുന്നില്ല. ഒന്നാം ക്ലാസിലെ കുട്ടികളെ ഇങ്ങനെ തന്നെയാണ് പഠിപ്പിക്കേണ്ടതെന്നാണ് മനസിലാക്കുന്നത്. കുട്ടികള്‍ക്കു മനസിലാകുന്ന രീതിയിലല്ലേ അവരെ പഠിപ്പിക്കേണ്ടത് ? ടീച്ചർ ചോദിക്കുന്നു .

വടകരക്കടുത്ത് മുതുവടത്തൂരിലാണ് സായി ശ്വേത താമസം. ഭര്‍ത്താവ് ദിലീപ് വിദേശത്തു ജോലി ചെയ്യുന്നു. കോഴിക്കോട് എഡബ്ല്യുഎച്ച് കോളജില്‍ നിന്നു ടിടിസി പൂര്‍ത്തിയാക്കിയ സായി ശ്വേത രണ്ടുവര്‍ഷം മുൻപാണ് അധ്യാപികയാകുന്നത്. അധ്യാപകരുടെ സര്‍ഗാത്മക കൂട്ടായ്മയായ അധ്യാപകക്കൂട്ടത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ കഥ പറയുന്ന ഒരു വീഡിയോ ഇട്ടിരുന്നു. മികച്ച അഭിപ്രായം കിട്ടിയ ആ വീഡിയോ വഴിയാണ് വിക്ടേഴ്‌സിലേക്ക് അവസരമൊരുങ്ങിയത്. തുടര്‍ന്നുള്ള ആഴ്ചകളില്‍ രണ്ടുദിവസം വീതം ടീച്ചറുടെ ക്ലാസുകള്‍ വിക്ടേഴ്‌സിലുണ്ടാകും.

തങ്കുപ്പൂച്ചേ… ഉറക്കെ വിളിച്ചുനോക്കിയേ…