LogoLoginKerala

സിനിമാ ഷൂട്ടിംഗിന് കർശന നിബന്ധനകളോടെ അനുമതി !

കോവിഡ് 19ന്റെ വ്യാപനം തടയാൻ സർക്കാർ നിർദ്ദേശമനുസരിച്ച് നിർത്തിവെച്ച സിനിമകളുടേയും വലിയ സെറ്റ് വർക്കുകൾ പൂർത്തിയാക്കി ആരംഭിക്കാനിരുന്ന സിനിമകളുടേയും ഷൂട്ടിങ്ങ് തുടങ്ങുവാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ ഫെഫ്കയുടെ നിർദ്ദേശ പ്രകാരം ഡയറക്ടേഴ്സ് യൂണിയൻ തയ്യാറാക്കിയ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച കരട് പ്രോട്ടോക്കോൾ നിർദ്ദേശങ്ങൾ. നിർമ്മാതാവും സംവിധായക ഡിപ്പാർട്ട്മെന്റും പ്രൊഡക്ഷൻ കൺട്രോളറും ഷൂട്ടിങ്ങിൽ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം പരമാവധി കുറച്ച് ലിസ്റ്റിടുക. സർക്കാർ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന 50 ആളുകളിലേക്ക് പരിമിതിപ്പെടുത്തുക. ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യവിവരങ്ങൾ പരിചയ …
 

കോവിഡ് 19ന്റെ വ്യാപനം തടയാൻ സർക്കാർ നിർദ്ദേശമനുസരിച്ച് നിർത്തിവെച്ച സിനിമകളുടേയും വലിയ സെറ്റ് വർക്കുകൾ പൂർത്തിയാക്കി ആരംഭിക്കാനിരുന്ന സിനിമകളുടേയും ഷൂട്ടിങ്ങ് തുടങ്ങുവാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ ഫെഫ്കയുടെ നിർദ്ദേശ പ്രകാരം ഡയറക്ടേഴ്സ് യൂണിയൻ തയ്യാറാക്കിയ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച കരട് പ്രോട്ടോക്കോൾ നിർദ്ദേശങ്ങൾ.

  • നിർമ്മാതാവും സംവിധായക ഡിപ്പാർട്ട്മെന്റും പ്രൊഡക്ഷൻ കൺട്രോളറും ഷൂട്ടിങ്ങിൽ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം പരമാവധി കുറച്ച് ലിസ്റ്റിടുക. സർക്കാർ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന 50 ആളുകളിലേക്ക് പരിമിതിപ്പെടുത്തുക.
  • ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യവിവരങ്ങൾ പരിചയ സമ്പന്നനായ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ടീം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുക. രോഗ സാധ്യതയുള്ളവരെയും പ്രതിരോധ ശേഷി കുറഞ്ഞവരേയും അവരുടെ സുരക്ഷക്ക് പ്രാധാന്യം നൽകി മാറ്റി നിർത്തുക. ഷൂട്ടിങ്ങിലുടനീളം ഈ മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമായിരിക്കണം. ഇവർ നൽകുന്ന റിപ്പോർട്ടും ഡാറ്റയും പ്രൊഡക്ഷൻ ടീമിന്റെ ഉത്തരവാദിത്തത്തിലാണ് സൂക്ഷിക്കേണ്ടത്.

സിനിമാ ഷൂട്ടിംഗിന് കർശന നിബന്ധനകളോടെ അനുമതി !

  • റാപിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കുക. ICMR അംഗീകാരമുള്ള മൊബൈൽ ലാബിന്റെ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
  • ഡോക്ടറുടെ അനുവാദത്തോടെ ആളുകൾ നിലവിൽ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളുടെ ആവശ്യകതയും ലഭ്യതയും ഉറപ്പ് വരുത്തുക. പ്രതിരോധ ശേഷി വർദ്ധിക്കാനുള്ള ഹോമിയോപ്പതി/ ആയുർവ്വേദ മരുന്നുകൾ എല്ലാ യൂണിറ്റ്‌ അംഗങ്ങൾക്കും ലഭ്യമാക്കുക.
  • 65 വയസ്സിന് മുകളിലുള്ളവരെ ഡോക്ടറുടെ പ്രത്യേക അനുവാദത്തോടെ മാത്രം പങ്കെടുപ്പിക്കുക.സെറ്റിൽ വരുന്ന ഓരോ ആളിനേയും തെർമൽ & ഒപ്റ്റിക്കൽ ഇമേജിങ്ങ് ക്യാമറ ഗേറ്റിലൂടെ കടത്തിവിട്ട് രോഗ സാധ്യത പരിശോധിക്കുക.
  • സെറ്റിൽ സന്ദർശകരെ കർശനമായും ഒഴിവാക്കുക.
  • ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വന്നുപോകുന്നവരുടെ വിവരങ്ങൾ അടങ്ങുന്ന Log book സൂക്ഷിക്കുക. ഇതിന്റെ വിവരശേഖര ഉത്തരവാദിത്വം പ്രൊഡക്ഷൻ കൺട്രോളറുടെ ഡിപ്പാർട്ട്മെന്റിന് ആയിരിക്കും. വിവരസൂക്ഷിപ്പിന് സഹസംവിധായകരുടെ സഹായം തേടാവുന്നതാണ്.
  • എല്ലാവരും മാസ്ക് മുഴുവൻ സമയവും ഉപയോഗിക്കണം.
  • N 95, N 99 മുതൽ സാധാരണ മാസ്കുകൾ വരെ കൊറോണ വ്യാപനം തടയാൻ ഉപയോഗിച്ച് വരുന്നുണ്ട്. ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവരുടെ നിലവിലുള്ള രോഗ-ആരോഗ്യ സ്ഥിതി പരിഗണിച്ച് ഡോക്ടറുടെ നിർദ്ദേശം പ്രകാരം ആവശ്യമായ ശ്രേണിയിലുള്ള മാസ്കുകൾ വിതരണം ചെയ്യുക.
  • മാസ്കിന്റെ നിർദ്ദേശിക്കപ്പെട്ട ഉപഭോഗ സമയം കഴിയുമ്പോൾ പുതിയ മാസ്കുകൾ വിതരണം ചെയ്യുക.
  • 80% ആൽക്കഹോൾ കണ്ടെന്റുള്ള അംഗീകൃത ഹാൻഡ് സാനിറ്ററൈസറുകളുടെ കൊണ്ടു നടന്ന് ഉപയോഗിക്കാവുന്ന 100 ml ബോട്ടിൽ ഓരോ അംഗത്തിനും പ്രത്യേകം നൽകുക. തീരുന്നതനുസരിച്ച് നൽകാനുള്ള ശേഖരം ഉറപ്പുവരുത്തുക.
  • മെയ്ക്കപ്പ് ആർട്ടിസ്റ്റുകൾ ജോലി തുടങ്ങുന്നതിന് മുൻപ് ആർട്ടിസ്റ്റുകളുടെ മുൻപിൽ വെച്ച് തന്നെ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമായി അവർക്ക് ആത്മവിശ്വാസം പകരാൻ ശ്രദ്ധിക്കുക.
  • എല്ലാ അംഗങ്ങൾക്കും ഗുണമേന്മയുള്ള ഗ്ലൗസ് വിതരണം ചെയ്യുക.
  • ഉപയോഗിച്ച മാസ്കുകൾ ഗ്ലൗസുകൾ എന്നിവ നിക്ഷേപിക്കാനുള്ള ഡസ്റ്റ് ബിന്നുകളും അവ നശിപ്പിക്കാനുള്ള സംവിധാനങ്ങളും കരുതേണ്ടതാണ് .
  • ഷൂട്ടിങ്ങ് ലൊക്കേഷൻ, വാഹനങ്ങൾ, ഹോട്ടൽ മുറികൾ എന്നിവിടങ്ങളിൽ ആളുകളുടെ കൃത്യമായ എണ്ണം കണക്കാക്കി സാമൂഹിക അകലം പാലിക്കാൻ ആവശ്യമായ മുറികളുടേയും വാഹനങ്ങളുടെയും എണ്ണവും സൗകര്യവും നടപ്പിലാക്കുക.
  • പരമാവധി Single occupation അനുവദിക്കുക.

സിനിമാ ഷൂട്ടിംഗിന് കർശന നിബന്ധനകളോടെ അനുമതി !

  • കൂട്ടംകൂടി നിൽക്കാതിരിക്കുക. അഞ്ചിൽ കൂടുതൽ ആളുകൾ ഒന്നിച്ച് നിൽക്കരുത്. പരസ്പരം ഒന്നര മീറ്ററെങ്കിലും അകലം പാലിക്കുക. എല്ലാവരും ശാന്തമായി അച്ചടക്കം പാലിച്ച് ജോലിചെയ്യുക.
  • ലൊക്കേഷനിൽ അതാത് സമയം / ഷോട്ടിനു ആവശ്യമുള്ള വിഭാഗം ഒഴിച്ച് മറ്റുള്ളവർ നിശ്ചിത ദൂരത്ത് നിലയുറപ്പിക്കുക.
  • ആർട്ടിസ്റ്റുകളുമായി ഡീൽ ചെയ്യേണ്ടി വരുന്ന ഓരോ വിഭാഗവും (മെയ്ക്കപ്പ്, കോസ്റ്റ്യും) നേരത്തെ ജോലി തീർത്ത് നിശ്ചിത അകലം മാറി നിൽക്കുക.
  • ലൈറ്റപ്പ് ചെയ്യുന്ന സമയത്ത് യൂണിറ്റിന്റെ ആളുകളും ക്യാമറമാനോ അദ്ദേഹത്തിന്റെ പ്രതിനിധിയോ മാത്രമേ സെറ്റിൽ ഉണ്ടാകാവൂ. അതുപോലെ ക്രെയിൻ, ട്രാക്ക് എന്നിവ ഒരുക്കുമ്പോൾ അതാത് സാങ്കേതിക വിഭാഗം ആളുകളും. മറ്റുള്ളവർ അകലം പാലിച്ച് നിലകൊള്ളുക.
  • ഷൂട്ടിങ്ങ് സ്പോട്ടിൽ മാറ്റങ്ങൾ വരുത്തേണ്ട സമയം ആർട്ട് ഡിപ്പാർട്ട്മെന്റിലെ ആളുകൾ മാത്രമേ സെറ്റിൽ ഉണ്ടാകാവൂ.
  • സ്പോട്ട് എഡിറ്ററുടെ സ്ഥാനവും അകലം പാലിക്കാൻ ശ്രദ്ധിക്കുക.
  • സഹസംവിധായകർ അവർ മേൽനോട്ടം വഹിക്കുന്ന വിഭാഗങ്ങളുടെ പ്രവർത്തന സമയം കഴിയുമ്പോൾ സംവിധായകന്റെ ശ്രദ്ധ കിട്ടുന്ന അകലത്തിൽ മാറിനിൽക്കുക.
  • സെറ്റിലുള്ളവർ തമ്മിലുള്ള ആശയ വിനിമയത്തിന് വാക്കി ടോക്കിയും മൊബൈൽ ഫോണും പരമാവധി ഉപയോഗിക്കുക.
  • സെറ്റിലെ പ്രോപ്പർടീസ് ആര്ട്ട് ഡിപ്പാർട്ട്മെന്റും കോസ്റ്റ്യുസുകൾ കോസ്റ്റ്യും ഡിപ്പാർട്ട്മെന്റും മാത്രമേ സ്പർശിക്കാൻ പാടുള്ളു. ഗ്ലൗസുകൾ നിർബന്ധമായും ഉപയോഗിക്കണം. ഇവ അണുവിമുക്തമാക്കാൻ അതാത് വിഭാഗം ശ്രദ്ധിക്കേണ്ടതാണ്.
  • സീനിന്റെ ആവശ്യാർഥം ഒന്നിൽ കൂടുതൽ ആർട്ടിസ്റ്റുകൾ ഇവ സ്പർശിക്കേണ്ടി വരുമ്പോൾ സാനിട്ടറൈസ് ഉപയോഗിച്ച് അണുവിമുക്തമാക്കാൻ ആർട്ടിസ്റ്റുകളെ അതാത് ഡിപ്പാർട്ട്മെന്റിലെ സെറ്റിലെ പ്രതിനിധികൾ ഓർമ്മപ്പെടുത്തേണ്ടതാണ്. ഇക്കാര്യത്തിൽ സഹസംവിധായകരുടെ മേൽനോട്ടം ഉണ്ടാകേണ്ടതാണ്.
  • ഷൂട്ട് ചെയ്യാൻ പോകുന്ന സീനുകളുടെ ഫോട്ടോകോപ്പിയോ PDF ഫയലോ സംവിധാന ഡിപ്പാർട്മെന്റിന് പുറമെ ഓരോ ഡിപ്പാർട്ട്മെന്റിലേയും ആവശ്യമായ ആളുകളുടെ എണ്ണം കണക്കാക്കി നൽകേണ്ടതാണ്. അതാത് സീനുകളിൽ വരുന്ന ഓരോ ആർട്ടിസ്റ്റിനും ഓരോ കോപ്പി വെച്ച് നൽകണം. ഫോട്ടോസ്റ്റാറ്റ് ആണെങ്കിൽ ഇതിന്റെ എണ്ണം തീരുമാനിക്കേണ്ടതും വിതരണം ചെയ്യേണ്ടതും സഹസംവിധായകരുടെ ഉത്തരവാദിത്വമാണ്.
  • ഭക്ഷണം ഉണ്ടാക്കുന്നവരും, ഭക്ഷണം വിതരണം ചെയ്യുന്നവരും എപ്പോഴും വ്യക്തിശുദ്ധി പാലിക്കുക. ഭക്ഷണം ഉണ്ടാക്കുന്ന ഇടവും കഴിക്കുന്ന ഇടവും അണുവിമുക്തമായിരിക്കണം.
  • ഭക്ഷണപ്പൊതികളായി മാത്രം ആഹാരം വിതരണം ചെയ്യുക. ഉപയോഗശേഷം പൊതികൾ ശേഖരിക്കാനും പ്രകൃതി സൗഹൃദമായി സംസ്കരിക്കാനും ശ്രദ്ധിക്കുക.
  • കൂട്ടം കൂടി ഭക്ഷണം കഴിക്കാതിരിക്കുക. എല്ലാവർക്കും ഒരൊറ്റ ബ്രെക്ക് ടൈം പ്രഖ്യാപിക്കാതെ ഫ്രീയായി നിൽക്കുന്നവർ ഭക്ഷണം കഴിച്ച് തിരക്ക് ഒഴിവാക്കുക. സംവിധായകന്റെ അനുവാദത്തോടെ പ്രൊഡക്ഷൻ ടീമാണ് ഇതിന്റെ സമയ അറിയിപ്പ് അംഗങ്ങൾക്ക് നൽകേണ്ടത്.
  • ഒരു ലിറ്റർ, 500 ml, 250 ml എന്നിങ്ങനെ വെള്ള ബോട്ടിലുകൾ ആവശ്യാനുസരണം വിതരണം ചെയ്യുക. ഉപയോഗിച്ച ബോട്ടിലുകളിൽ വെള്ളം നിറച്ച് വിതരണം ചെയ്യരുത്.
  • താമസിക്കുന്ന മുറി, വാഹനങ്ങൾ, ഭക്ഷണം ഉണ്ടാക്കുന്ന ഇടം, പാത്രങ്ങൾ എന്നിവ അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ടീമിന്റെ ഉത്തരവാദിത്തമാണ്.
  • സെറ്റ്, പ്രോപ്പർട്ടീസ്, കോസ്റ്റ്യും എന്നിവ അണു വിമുക്തമാക്കേണ്ടത് അതാത് ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവാദിത്തമാണ്.
  • സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാൻ ഫെഫ്കയുടെ പ്രതിനിധികൾ ഷൂട്ടിങ്ങ് സെറ്റുകൾ സന്ദർശിക്കുന്നതായിരിക്കും.

ഒരൊറ്റ ആളിന് പിഴവ് സംഭവിച്ചാൽ മതി ഷൂട്ടിങ്ങ് നിർത്തിവെച്ച് മുഴുവൻ ക്രൂവും കൊറന്റൈനിൽ പോകേണ്ടിവരും. ആയതിനാൽ കോവിഡ് 19 നെതിരെ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.