Other News

ഗുരുവായൂരിൽ ദർശനത്തിന് അനുമതി !

ഗുരുവായൂർ: ക്ഷേത്രത്തിൽ ഉപാധികളോടെ ദർശനത്തിന് അനുമതിയായി. ക്ഷേത്രത്തിനു മുന്നിലെ വലിയ നടപ്പന്തലിൽ (കല്യാണമണ്ഡപത്തിനു പിന്നിൽ) നിന്ന് ദർശനത്തിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സാമൂഹിക അകലം പാലിച്ച് അഞ്ചുപേരെ വീതം മാത്രം തൊഴാൻ അനുവദിക്കുകയുള്ളൂ. അതിനുസരിച്ചായിരിക്കും കിഴക്കേ ഗേറ്റുകളിൽനിന്ന് ഭക്തജനങ്ങളെ തൊഴാനായി വിടുക.

ക്ഷേത്രത്തിൽ നിന്ന് കിഴക്കേനടയിൽ പ്രധാനമായി രണ്ടു ഗേറ്റുകളുണ്ട്. അപ്‌സര ജങ്ഷനിലുള്ള ഒന്നാമത്തെ ഗേറ്റിനടുത്തുനിന്നായിരുന്നു നേരത്തെ തൊഴുതിരുന്നത്. പിന്നീട് ഇളവ്‌ വന്നപ്പോൾ രണ്ടാമത്തെ കവാടമായ സത്രപ്പടി വരെ പ്രവേശനം അനുവദിച്ചു. രണ്ടു ഗേറ്റുകളും പൂർണമായും തുറന്നിട്ടില്ലെങ്കിലും നടക്കാൻ മാത്രം രണ്ടുവശത്തും വഴിയിട്ടിരിക്കുകയാണ്. ഭക്തജനങ്ങളുടെയും വിവിധ സംഘടനകളുടെയും അഭ്യർത്ഥന മാനിച്ചാണ് ഇപ്പോൾ പ്രധാന നടപ്പന്തലിനു മുന്നിൽ വന്ന് തൊഴാനുള്ള സൗകര്യം ഏർപ്പെടുത്തിയത്.

രണ്ടരമാസത്തോളമായി ക്ഷേത്രനടപ്പന്തലിലേക്ക് കടക്കാൻ കഴിയാതിരുന്ന തങ്ങൾക്ക് ഈ സൗകര്യം അങ്ങേയറ്റം സന്തോഷമുണ്ടാക്കുന്നതായി ഭക്തർ പറയുന്നു. തൊഴുതശേഷം അവിടെയുള്ള ഭണ്ഡാരത്തിൽ കാണിക്കയും സമർപ്പിച്ചാണ് ഭക്തർ മടങ്ങുന്നത്. ഗേറ്റുകൾ തുറക്കാത്തതുകൊണ്ട് വാഹനങ്ങൾ കടത്തിവിടില്ല. അതുകൊണ്ട് വാഹനപൂജ നടക്കില്ല. വിവാഹത്തിനും തത്‌കാലം അനുമതിയില്ല. പടിഞ്ഞാറെ നടയിലെ നിയന്ത്രണവും നീക്കിയിട്ടുണ്ട്. പടിഞ്ഞാറെ ഗോപുരനടയിലെ ദീപസ്തംഭത്തിനു മുന്നിൽ കെട്ടിയിട്ടുള്ള ഇരുമ്പുവേലി വരെ ഭക്തർക്ക് പ്രവേശനമുണ്ട്. എന്നാൽ തെക്കും വടക്കും നടപ്പന്തലുകൾ വഴി ആരെയും കടത്തിവിടില്ല.

ഭക്തർക്ക് പ്രവേശനമില്ലെങ്കിലും ക്ഷേത്രത്തിൽ ചടങ്ങുകളൊന്നും കുറച്ചിട്ടില്ല. വെളുപ്പിന് നിർമാല്യദർശനത്തിന് നടതുറന്നാൽ രാവിലെ പത്തിന് മുൻപേ അടക്കുന്നു. സാധാരണ ഉച്ചക്ക് രണ്ടിന് അടയ്‌ക്കുന്ന ക്ഷേത്രനടയാണ് ഇപ്പോൾ രാവിലെ പത്തിനുമുന്പ് അടയ്‌ക്കുന്നത്. ഉച്ചതിരിഞ്ഞ്‌ പതിവുപോലെ നാലരക്ക് തന്നെ ക്ഷേത്രം തുറക്കും. വൈകീട്ട് ചുറ്റുവിളക്കില്ല. ശീവേലിയും ഒരാനയുടെ അകമ്ബടിയിൽ വിളക്കെഴുന്നള്ളിപ്പും ഉണ്ട്. തൃപ്പുകയും കഴിഞ്ഞു രാത്രി എട്ടേകാലോടെയാണ് ക്ഷേത്രം അടക്കുന്നത്. സാധാരണ രാത്രി 11 മണിക്കാണ് അടയ്‌ക്കാറ്. നട അടക്കുന്നതിന്റെ സമയത്തിന് മാറ്റമുള്ളതിനാൽ അതനുസരിച്ചാണ് ഭക്തർ തൊഴാനെത്തുന്നത്.

കൊറോണയുടെ പശ്ചാത്തലത്തിൽ മാർച്ച് 21 മുതൽ ഗുരുവായൂർ ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്. 88 വർഷങ്ങൾക്ക് ശേഷമാണ് ഗുരുവായൂർ ക്ഷേത്രം വീണ്ടുമൊരു അടച്ചുപൂട്ടലിലേക്ക് എത്തിയത്. ഇതിനുമുൻപ് 1932ൽ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തെ തുടർന്നാണ് ക്ഷേത്രം പൂർണമായും അടച്ചിട്ടുള്ളത്.

ഈ ലോക്ക് ഡൌൺ കാലത്ത് ക്ഷേത്ര പരിസരത്തേക്ക് ഭക്തര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിരുന്നു. ഭക്തജനങ്ങൾക്ക് പ്രവേശനമില്ലെങ്കിലും പതിവ് പൂജകൾ മുടക്കമില്ലാതെ നടക്കുന്നുണ്ട്. നാല് നടപ്പുരകളുടെയും കവാടങ്ങൾ പൊലീസ് കാവലിലാണ്. വർഷംതോറും അഭൂതപൂർവമായ തിരക്കനഭുവപ്പെടുന്ന വിഷുപ്പുലരിയില്‍ ഭക്തജനങ്ങൾക്ക് സായൂജ്യമേകുന്ന വിഷുക്കണി ദര്‍ശനവും ഈ വർഷം ചടങ്ങ് മാത്രമായി. ലോക്ക് ഡൌണ്‍ പശ്ചാത്തലത്തില്‍ ക്ഷേത്രനഗരം ദേവസ്വം ജീവനക്കാരും സുരക്ഷക്കുള്ള പോലീസും മാത്രമായി ചുരുങ്ങി. സർക്കാരിന്റെ അറിയിപ്പ് ലഭിച്ചതിനു ശേഷമേ ഇനി ഭക്തജനങ്ങളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കൂ എന്ന് ദേവസ്വം അറിയിച്ചിരുന്നു. ഉദയാസ്തമനപൂജ, വിവാഹം, ചോറൂണ്, ചുറ്റുവിളക്ക്, വാഹനപൂജ, കൃഷ്ണനാട്ടം തുടങ്ങിയ വഴിപാടുകളും നിർത്തിവെച്ചിരിക്കുകയാണ്.

അതേസമയം നിരവധി ഭക്തർക്ക് ആനന്ദമേകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലോക്ക് ഡൌൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടപന്തലിൽ നിന്ന് ക്ഷേത്രദർശനം ഇനി സാധ്യമാകും. ജീവിതസൗഭാഗ്യങ്ങള്‍ വാരിക്കോരി തരുന്ന ഗുരുവായൂര്‍ കണ്ണന്റെ ദർശനമെന്ന അസുലഭ അവസരം സാധ്യമായതിന്റെ ആനന്ദത്തിലാണ് ഭക്തജനങ്ങൾ.

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum