Other News

സച്ചിൻ തെൻഡുൽക്കറുടെ ഏറ്റവും മികച്ച പാർട്ണർഷിപ്പിന് കാൽനൂറ്റാണ്ട് !

ക്രിക്കറ്റിലെ റൺമലയെന്ന കൊടുമുടി കീഴടക്കിയവനാണ് സച്ചിൻ ടെൻഡുൽക്കർ. എണ്ണംപറഞ്ഞ ബാറ്റിങ്ങ് റെക്കോർഡുകൾ, കളിത്തട്ടുകളിലെ വിസ്മയപ്രകടനങ്ങൾകൊണ്ട് കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയവൻ. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പാർട്ണർഷിപ്പിന് കാൽ നൂറ്റാണ്ട് തികഞ്ഞിരിക്കുന്നു. സച്ചിന്‍റെയും ഡോ. അഞ്ജലി മേത്തയുടെയും ഇരുപത്തിയഞ്ചാം വിവാഹവാർഷികമായിരുന്നു ഇക്കഴിഞ്ഞ മെയ് 25ന്

മുംബൈ വിമാനത്താവളത്തിൽവെച്ച് 1990 ഡിസംബർ മാസത്തിലാണ് സച്ചിൻ അഞ്ജലിയും കണ്ടുമുട്ടുന്നത്. അന്ന് ലണ്ടനിൽനിന്ന് എത്തിയ അമ്മ അന്നബെൻ മേത്തയെ കൂട്ടിക്കൊണ്ടുപോകാൻ കൂട്ടുകാരിക്കൊപ്പം എത്തിയതായിരുന്നു അഞ്ജലി. അപ്പോഴാണ് ക്രിക്കറ്റിൽ താരമായി മാറിക്കഴിഞ്ഞ സച്ചിനെ അഞ്ജലിക്ക് കൂട്ടുകാരി കാട്ടിക്കൊടുക്കുന്നത്. എന്നാൽ ക്രിക്കറ്റിൽ താൽപര്യമില്ലാതിരുന്നെങ്കിലും ആദ്യ കാഴ്ചയിൽ അഞ്ജലിക്ക് സച്ചിനെ ഇഷ്ടമായി. സച്ചിനെ പരിചയപ്പെടാനായി അഞ്ജലി അടുത്തെത്തി സംസാരിക്കാൻ ശ്രമിച്ചെങ്കിലും പൊതുവെ നാണംകുണുങ്ങിയായ സച്ചിൻ തടിതപ്പി. എന്നാൽ സച്ചിനെ വിട്ടുകളയാൻ അഞ്ജലിക്ക് കഴിയുമായിരുന്നില്ല. ഒടുവിൽ ഒരു ജേർണലിസ്റ്റാണെന്ന് പറഞ്ഞു വീടുകണ്ടെത്തി സച്ചിനെ കാണാൻ അഞ്ജലി എത്തി. അന്ന് അഭിമുഖത്തിനെന്ന പോലെ മണിക്കൂറുകളോളം അവർ സംസാരിച്ചു. അതോടെ സച്ചിന്‍റെ മനസിലും പ്രണയം മൊട്ടിട്ടു.

വീട്ടുകാരറിയാതെ അവർ പ്രണയിച്ചു. കത്തുകളിലൂടെയും ടെലിഫോൺ ബൂത്തുകളിലൂടെയുമായിരുന്നു അവരുടെ പ്രേമം തളിർത്തത്. പലപ്പോഴും അഞ്ജലി അയയ്ക്കുന്ന കത്തുകൾ സച്ചിന് ലഭിച്ചിരുന്നില്ല. ക്രിക്കറ്റിന്‍റെ തിരക്കിൽ ഇന്ത്യയിലെ നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും സച്ചിൻ പറന്നുകൊണ്ടിരുന്നു. വീട്ടിൽവരുന്ന കത്ത് മറ്റാരെങ്കിലും കാണുമോയെന്ന ഭയം സച്ചിനുണ്ടായിരുന്നു. പാതിരാത്രിയിൽ ഹോസ്റ്റലിൽനിന്ന് ഇറങ്ങി മൂന്നു കിലോമീറ്ററോളം നടന്ന് ടെലിഫോൺ ബൂത്തിലെത്തി സച്ചിനോട് സംസാരിച്ച അനുഭവവും അഞ്ജലിക്കുണ്ട്.

1995ലെ ന്യൂസിലാൻഡ് പര്യടനത്തിനിടെയാണ് കളി കാര്യമായത്. അഞ്ജലിയുടെ വീട്ടിൽ വിവാഹാലോചന തുടങ്ങി. ഇതോടെ പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയിലായി. അഞ്ജലി വീട്ടുകാരോട് കാര്യം തുറന്നുപറഞ്ഞു. ക്രിക്കറ്റ് ആരാധകനായിരുന്ന അച്ഛൻ ഒരു എതിർപ്പുംകൂടാതെ സമ്മതിച്ചു. എന്നാൽ അപ്പോഴും കടമ്പകൾ ബാക്കിയായി. ഇക്കാര്യം വീട്ടിൽ പറയാൻ സച്ചിന് പേടി. ഒടുവിൽ ആ ചുമതലയും അഞ്ജലി തന്നെ ഏറ്റെടുത്തു. സച്ചിന്‍റെ സഹോദരനെ കണ്ട് വിവരം ധരിപ്പിച്ചു. തുടക്കത്തിൽ എതിർപ്പുകളുണ്ടായിരുന്നെങ്കിലും സച്ചിന്‍റെ വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചു.

1995 മെയ് 25നായിരുന്നു സച്ചിന്‍റെയും അഞ്ജലിയുടെയും വിവാഹം. അപ്പോൾ സച്ചിന് പ്രായം 22 വയസും അഞ്ജലിക്ക് 28 വയസുമായിരുന്നു. വിവാഹത്തിന്‍റെ പിറ്റേദിവസം വൈകിട്ട് സുഹൃത്തുക്കൾക്കും മറ്റുമായി വിപുലമായ വിവാഹസത്കാരവും നടന്നു. വിവാഹത്തോടെ ഡോക്ടർ പണി അഞ്ജലി ഉപേക്ഷിച്ചു. കുടുംബത്തിനൊപ്പം കഴിയാൻ വേണ്ടിയായിരുന്നു ഇത്. മുംബൈയിലെ അറിയപ്പെടുന്ന ശിശുരോഗവിദഗ്ദ്ധയായിരുന്നു അഞ്ജലി. അന്ന് ജോലി ഉപേക്ഷിച്ചെങ്കിലും മകൾ സാറ ലണ്ടനിൽനിന്ന് എംബിബിഎസ് ബിരുദം പൂർത്തിയാക്കിയതിന്‍റെ സന്തോഷത്തിലാണ് അഞ്ജലിക്ക്. സച്ചിന്‍റെ പാത തന്നെയാണ് മകൻ അർജുൻ തിരഞ്ഞെടുത്തിരിക്കുന്നത്. ഇടംകൈയൻ പേസറായ അർജുൻ അണ്ടർ-19 ഇന്ത്യൻ ടീമിൽ ഇടംനേടി കഴിഞ്ഞു. വൈകതെ ഇന്ത്യയ്ക്കുവേണ്ടി അർജുൻ കളിക്കുമെന്ന പ്രതീക്ഷയിലാണ് സച്ചിൻ കുടുംബം.

Related Articles

Leave a Reply

Back to top button