LogoLoginKerala

ബെവ് ക്യൂ ആപ്പിന് കിടിലൻ വരവേൽപ്പ്, കള്ളിനായി പ്ലേ സ്റ്റോർ തുറന്ന് കുടിയന്മാർ !

ബെവ് ക്യൂ എന്ന പേരിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലോഞ്ച് ചെയ്ത മദ്യവിതരണ അപ്പ്ലിക്കേഷന്റെ തുടക്കം ഗംഭീരം. ആപ്പ് പ്ലേ സ്റ്റോറിലെത്തിയതോടെ ഓരോ മിനിട്ടിലും ആയിരങ്ങളാണ് ഇൻസ്റ്റാൾ ചെയ്യാൻ എത്തിയത്. ലോഞ്ച് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലേറെ ഡൗൺലോഡുകളാണ് ബെവ് ക്യൂ ആപ്പിന് ലഭിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണി മുതല് ആപ്പ് ലഭ്യമാകുമെന്നായിരുന്നു അറിയിപ്പെങ്കിലും രാത്രി പത്ത് മണി കഴിഞ്ഞതിന് ശേഷമാണ് ആപ്പ് പ്ലേ സ്റ്റോറിലെത്തിയത്. പ്ലേ സ്റ്റോറിൽ നിന്ന് ബെവ് ക്യൂ …
 

ബെവ്‌ ക്യൂ എന്ന പേരിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലോഞ്ച് ചെയ്ത മദ്യവിതരണ അപ്പ്ലിക്കേഷന്റെ തുടക്കം ഗംഭീരം.

ആപ്പ് പ്ലേ സ്റ്റോറിലെത്തിയതോടെ ഓരോ മിനിട്ടിലും ആയിരങ്ങളാണ് ഇൻസ്റ്റാൾ ചെയ്യാൻ എത്തിയത്. ലോഞ്ച് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലേറെ ഡൗൺലോഡുകളാണ് ബെവ്‌ ക്യൂ ആപ്പിന് ലഭിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണി മുതല്‍ ആപ്പ് ലഭ്യമാകുമെന്നായിരുന്നു അറിയിപ്പെങ്കിലും രാത്രി പത്ത് മണി കഴിഞ്ഞതിന് ശേഷമാണ് ആപ്പ് പ്ലേ സ്റ്റോറിലെത്തിയത്.

പ്ലേ സ്റ്റോറിൽ നിന്ന് ബെവ് ക്യൂ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ഐഒഎസ് പ്ലാറ്റ് ഫോമിൽ ബെവ് ക്യൂ ആപ്പ് ഇനിയും എത്താൻ വൈകും എന്നാണ് അറിയുന്നത്. ആപ്പിന്റെ ബീറ്റ വേർഷൻ കഴിഞ്ഞ ദിവസം പ്ലേ സ്റ്റോറിൽ അപ്ലോഡ് ആയിരുന്നു. ട്രയൽ റണ്ണിൽ മാത്രം ഏതാണ്ട് കാൽലക്ഷം ആളുകളാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. 3 മിനുട്ടിൽ 23,000 പേർ ബെവ്‌ ക്യൂ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു. പിന്നീട് മെയ് 28ന് രാത്രി 11 മണിയോടെയാണ് ആപ്പിന്റെ ഒറിജിനൽ പതിപ്പ് ഗൂഗിൽ പ്ലേ സ്‌റ്റോറിൽ എത്തിയത്. നിലവിൽ ആൻഡ്രോയ്ഡ് ഫോണുകളിൽ ബെവ് ക്യൂ ബീറ്റ വെർഷൻ ഇൻസ്റ്റാൾ ചെയ്തവർക്ക് ബീറ്റ വെർഷൻ അപ്ഡേറ്റ് ചെയ്താൽ മാത്രമേ ആപ്പ് ഉപയോഗിച്ച് മദ്യം ബുക്ക് ചെയ്യാനാവൂ.

ബെവ്‌ ക്യൂ ആപ്പ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ഉപഭോക്താവിന്റെ പേര്, മൊബൈല്‍ നമ്പര്‍, ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ പിന്‍കോഡ് എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ രണ്ട് ഭാഷകളാണ് ആപ്പ് സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് വന്ന ഒടിപി (വൺ ടൈം പാസ്‌വേഡ്) ഉപയോഗിച്ച് വേണം രജിസ്‌ട്രേഷന്‍ പൂർത്തിയാക്കാൻ.
നിങ്ങളുടെ ഇഷ്ടാനുസരണം മദ്യം ബിയർ/വൈന്‍ തിരഞ്ഞെടുത്ത ശേഷം ടൈം സ്‌ളോട്ട് ബുക്ക് ചെയ്യുക എന്ന ബട്ടണ്‍ അമര്‍ത്തുക. ബുക്കിങ് വിജയകരമായാല്‍ QR കോഡ്, ടോക്കണ്‍ നമ്പര്‍, ഔട്ട്‌ലെറ്റിന്റെ വിശദാംശം, സമയക്രമം എന്നിവ നിങ്ങളുടെ മൊബൈല്‍ സ്‌ക്രീനില്‍ കാണുവാന്‍ കഴിയും. ലഭിച്ച ടോക്കണ്‍ സഹിതം ഫോണുമായി എത്തിയാല്‍ മാത്രം മതി. ടോക്കണിൽ അനുവദിച്ച സമയത്ത് മാത്രമേ എത്താവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇ-ടിക്കറ്റിലെ ക്യൂ ആര്‍ കോഡ് മദ്യശാലകളില്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തുന്നതോടെ ഇഷ്‌ടമുള്ള ബ്രാൻഡ് പണം നൽകി വാങ്ങാം.

ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായെങ്കിലും ഡൗൺലോഡ് ചെയ്ത പലർക്കും വൺ ടൈം പാസ്‌വേഡ് അഥവാ ഒടിപി സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഔട്ട്‌ലറ്റുകളിൽ പലയിടത്തും ടോക്കൺ പരിശോധനയ്ക്ക് വേണ്ടിയുള്ള യൂസ‍ർ നെയിമും പാസ് വേർഡും ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കി.പ്രശ്‌നങ്ങൾ ഉടനെ പരിഹരിക്കുമെന്ന്‌ ബെവ്‌കോ അധികൃതർ അറിയിച്ചു.

ബെവ്‌ ക്യൂ വഴിയുള്ള ടോക്കൺ ബുക്കിംഗിനും നിശ്ചിതസമയം ഉണ്ട്. രാവിലെ 6 മണി മുതൽ വൈകിട്ട് 10 മണി വരെയാകും ടോക്കൺ ബുക്കിംഗ് സംവിധാനം. ഒരു സമയത്ത് ക്യൂവിൽ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. ഉപയോക്താക്കൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്ത് ഏത് സ്ഥലത്തുനിന്നാണോ മദ്യം, ബീയർ/വൈൻ എന്നിവ വാങ്ങേണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്‍കി കടകള്‍ തിരഞ്ഞെടുക്കാം. വൈകിട്ട് കൃത്യം 5 മണിക്ക് തന്നെ ബാർ, ബിവറേജസ് കൗണ്ടറുകൾ പൂട്ടും. നിലവിലെ ചട്ടം അനുസരിച്ച് ഒരാൾ ഒരു തവണ ബുക്ക് ചെയ്ത് കഴിഞ്ഞാൽ പിന്നെ നാല് ദിവസത്തേക്ക് മദ്യം വാങ്ങുന്നതിന് ബുക്ക് ചെയ്യാൻ സാധിക്കില്ല. എന്നാൽ ഒരു യൂസറിന് ഒന്നിൽക്കൂടുതൽ മൊബൈൽ ഫോണുകൾ ഉണ്ടെങ്കിൽ ആ നമ്പറുകളിൽ നിന്നെല്ലാം ബുക്ക് ചെയ്യാനാകും. ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോഴും എസ്എംഎസ് അയയ്ക്കുമ്പോഴും ഉപഭോക്താവിന്റെ നമ്പർ ക്യൂ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യപ്പെടും. ഒരാള്‍ക്ക്‌ പരമാവധി മൂന്ന് ലിറ്റര്‍ മദ്യമേ ലഭിക്കൂ തുടങ്ങിയ നിബന്ധനകളുമുണ്ട്.

മദ്യം വാങ്ങാനെത്തുന്നവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കരുതണം. വോട്ടേഴ്‌സ് ഐഡി., ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട് എന്നീ രേഖകളെല്ലാം പരിഗണിക്കും. കൂടാതെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രൊട്ടോക്കോളുകളും നിർദേശങ്ങളും കർശനമായി പലിക്കണം. മാസ്ക് ധരിച്ചിരിക്കണം. ജീവനക്കാർക്കും ഇത് ബാധകമാണ്. കൈകഴുകാൻ വെള്ളവും സോപ്പും ഉണ്ടാകും. കൂടാതെ ഉപഭോക്താവിന് പനിയുണ്ടെങ്കിൽ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽനിന്ന്‌ മദ്യം ലഭിക്കില്ല. മദ്യവിൽപ്പന കേന്ദ്രങ്ങളിലെല്ലാം തെർമൽ സ്‌കാനറുകൾ ഉണ്ടാകും. പരിശോധിച്ചശേഷമേ മദ്യം വാങ്ങാനെത്തുന്നവരെ അകത്തേക്ക് പ്രവേശിപ്പിക്കൂ. ശരീരോഷ്മാവ് കൂടുതലാണെങ്കിൽ മടക്കി അയക്കും. ബിവറേജസ് ഔട്ട്‌ലെറ്റിന്റേയും ബാറിന്റേയും മുന്നിലെ ക്യൂവില്‍ ഒരേ സമയം അഞ്ച് ആളുകൾ മാത്രമേ പാടുളളൂ.

ബെവ്‌ ക്യൂ വെർച്വൽ ക്യൂ ആപ്പ് തയ്യാറാക്കിയത്‌ കൊച്ചി ആസ്ഥാനമായിട്ടുള്ള ഫെയർകോഡ് ടെക്‌നോളജീസ്‌ പ്രൈവറ്റ് ലിമിറ്റഡ് (Faircode Technologies Private limited) ആണ്. ബെവ് ക്യൂ ആപ് ഇ-ടോക്കണിന് ഓരോ ഉപഭോക്താവിൽ നിന്നും 50 പൈസ ഈടാക്കും. ബാറുകളും ബിയർ-വൈൻ പാർലറുകളുമാണ് ഈ തുക നൽകേണ്ടത്. തുക ലഭിക്കുക ബെവ്‌കോയ്ക്ക് ആയിരിക്കും. ബെവ് ക്യൂ ആപ് വികസിപ്പിച്ചതിന് ഫയർകോഡ്‌ ഐടി സൊല്യൂഷൻ എന്ന സ്റ്റാർട്ട് അപ്പ് കമ്പനിക്ക് സർക്കാർ നൽകുന്നത് 2,53000 രൂപയാണ്. ആപ്പ് പ്രവർത്തന സജ്ജമാകുന്ന മുറയ്ക്ക് സാമ്പത്തിക ഇടപാടുകൾ അവസാനിക്കും.