നരബലിക്കു ശ്രമം: 5 പേര്‍ പോലീസ് കസ്റ്റഡിയില്‍

45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണു നരബലിക്കായി ശ്രമിച്ചെന്ന് സംശയം

തെന്മല: കൊല്ലം തെങ്കാശി ജില്ലയില്‍ 45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബലി നല്‍കാന്‍ ശ്രമിച്ച ക്ഷേത്ര പൂജാരി ഉള്‍പ്പെടെ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൗര്‍ണമി, അമാവാസി ദിവസങ്ങളില്‍ തുറക്കുന്ന പശ്ചിമഘട്ട മലയടിവാരത്തുള്ള കടനാനദി അണക്കെട്ടിനു സമീപം വനത്തോടു ചേര്‍ന്നുള്ള ക്ഷേത്രത്തിലാണ് സംഭവം നടന്നത്.

വനംവകുപ്പിന്റെ അനുമതിയോടുകൂടി മാത്രം പൂജ നടക്കുന്ന ക്ഷേത്രം കൂടിയാണിത്. പകല്‍പോലും പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് അതിവേഗത്തിലെത്തിയ കാര്‍ കണ്ടു സംശയം തോന്നിയ നാട്ടുകാരായ ചിലര്‍ ഇവരെ പിന്‍തുടര്‍ന്നു. ക്ഷേത്രത്തിനു സമീപം കാര്‍ നിര്‍ത്തി പൂജ ആരംഭിച്ച പൂജാരി കുഞ്ഞിനെ തലകീഴായി പിടിച്ചതു ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയും പൂജ തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

നരബലിക്ക് അല്ല വന്നതെന്നും ശിവകാശിയില്‍ നിന്നു ശങ്കരന്‍കോവിലിലെ ഒരു ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ വനക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയതാണെന്നുമാണ് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ പറഞ്ഞത്. കുഞ്ഞിന്റെ മാതാവും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.