പട്ടിബിസ്‌ക്കറ്റ് ആകൃതിയിലുള്ള ഛിന്നഗൃഹം ‘ക്ലിയോപാട്ര’; കൂടുതല്‍ ചിത്രങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചു

ഇതോടെ ശാസ്ത്രലോകത്തെ എന്നും വിസ്മയിപ്പിച്ചുകൊണ്ടിരുന്ന ഈ ഛിന്നഗ്രഹത്തിന്റെ വലുപ്പത്തെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തമായ ധാരണകളും പുറത്തുവന്നു.

നായകള്‍ക്കു കൊടുക്കുന്ന എല്ലിന്‍ കഷണത്തിന്റെ ആകൃതിയിലുള്ള ബിസ്‌ക്കറ്റിന്റെ രൂപത്തിലുള്ള ഛിന്നഗ്രഹമായ ക്ലിയോപാട്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ ശാസ്ത്രജ്ഞര്‍ക്കു ലഭിച്ചു. ഇതോടെ ശാസ്ത്രലോകത്തെ എന്നും വിസ്മയിപ്പിച്ചുകൊണ്ടിരുന്ന ഈ ഛിന്നഗ്രഹത്തിന്റെ വലുപ്പത്തെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തമായ ധാരണകളും പുറത്തുവന്നു. ചിലെയില്‍ സ്ഥിതി ചെയ്യുന്ന യൂറോപ്യന്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററിയുടെ വലിയ ടെലിസ്‌കോപ് ഉപയോഗിച്ചാണ് കൂടുതല്‍ ചിത്രങ്ങള്‍ കണ്ടെത്തിയത്. സേറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായവും ഈ കണ്ടെത്തലുടെ പിന്നിലുണ്ടായിരുന്നു.

പുതിയ വിവരങ്ങള്‍ പ്രകാരം 255 കിലോമീറ്റര്‍ നീളവും 75 കിലോമീറ്റര്‍ വീതിയുമുള്ളതാണു ക്ലിയോപാട്ര. മുമ്പ് വിചാരിച്ചിരുന്നതിനേക്കാള്‍ വലുപ്പം വളരെ കൂടിയതാണ് ഇതെന്നാണ് അനുമാനം. 1880ല്‍ ഓസ്ട്രിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ജോവാന്‍ പലീസയാണ് വിചിത്ര രൂപമുള്ള ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ക്ലിയോപാട്ര, ഭൂമിയില്‍ നിന്ന് 20 കോടി കിലോമീറ്റര്‍ അകലെയാണു സ്ഥിതി ചെയ്യുന്നത്. ഭൂമിക്കു ചന്ദ്രന്‍ ഉപഗ്രഹമാണല്ലോ, അതു പോലെ ഈ ഛിന്നഗ്രഹത്തിനും രണ്ട് ഉപഗ്രഹങ്ങളുണ്ട്. ഈജിപ്തിലെ പ്രശസ്ത റാണിയായിരുന്ന ക്ലിയോപാട്രയുടെ പേരാണ് ഈ ഛിന്നഗ്രഹത്തിനു നല്‍കിയിരിക്കുന്നത്. ചന്ദ്രന്‍മാരുടെ പേര് അലക്‌സീലിയോസ്, ക്ലിയോസെലീന്‍. ഈജിപ്തിലെ റാണിയായ ക്ലിയോപാട്രയുടെ മക്കളുടെ പേരുകളില്‍ നിന്നാണ് ഈ ചന്ദ്രന്‍മാര്‍ക്കും പേരു ലഭിച്ചത്.

പാറ, ലോഹങ്ങള്‍ എന്നിവ കൂടിച്ചേര്‍ന്നതാണു ക്ലിയോപാട്രയുടെ ഘടന. ഇതില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് ഇരുമ്പും നിക്കലുമാണ്. 10 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഭവിച്ച ഒരു കൂട്ടയിടിയില്‍ ഏതോ ഗ്രഹത്തില്‍ നിന്നു തെറിച്ചതാണു ക്ലിയോപാട്രയും രണ്ടു ചന്ദ്രന്‍മാരുമെന്നാണു കരുതുന്നത്.

ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലാണു പ്രശസ്തമായ ഛിന്നഗ്രഹ ബെല്‍റ്റ് സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിലുള്ള ഛിന്നഗ്രഹങ്ങളും കുള്ളന്‍ഗ്രഹങ്ങളും പാറകളുമുള്‍പ്പെടെ വിവിധ വസ്തുക്കള്‍ സൂര്യനെ ഭ്രമണം ചെയ്യുന്നു. ഇവിടെയാണു സീറീസ്, വെസ്റ്റ, പാലാസ്, ഹൈഗിയ എന്നിങ്ങനെ സൗരയൂഥത്തിലെ ഏറ്റവും വലുപ്പമുള്ള ഛിന്നഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നത്. 950 കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള സീറീസ് സൗരയൂഥത്തിലെ ഏറ്റവും വലിയ ഛിന്നഗ്രഹങ്ങളിലൊന്നാണ്.