ഈ പാകിസ്ഥാൻ ടീമിനെ പേടിക്കണം; മറ്റൊരു ഇന്ത്യ പാകിസ്ഥാൻ ഫൈനലിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുമോ!

 

ഡോ. അൻഷാദ് നാസറുദ്ധീൻ

ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരാൻ കെല്പുള്ളവർ എന്നൊക്കെ നാം പലരെയും വിശേഷിപ്പിക്കാറുണ്ട്. എന്നാൽ അങ്ങനെ പറന്നുയർന്ന് ഒരു സ്വപ്‍ന നേട്ടത്തിന്റെ അരികിലെത്തി നിൽക്കുന്ന ഒരു ടീമിനെ പരിചയപ്പെടുത്താം. വാക്കുകൾ മതിയാവില്ല ഈ ടീമിന്റെ പ്രയാണത്തെ വിശേഷിപ്പിക്കാൻ!! അതെ...പറഞ്ഞു വരുന്നത് സാക്ഷാൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പറ്റിയാണ്. ടൂര്‍ണമെന്റ് ഫേവറേറ്റുകളായ ന്യൂസിലാന്‍ഡിനെ ഇന്ന് നടന്ന സെമിയില്‍ കെട്ടുകെട്ടിച്ചതിലൂടെ പാക്കിസ്ഥാന് കിരീടത്തിലേക്കുള്ള ദൂരം ഒരു മത്സരം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ടൂര്‍ണമെന്റ് തുടക്കത്തില്‍ സിംബാബ്വെയോടും ഇന്ത്യയോടുമെല്ലാം തോറ്റ് തുടങ്ങിയ പാക്കിസ്ഥാന്‍ സെമിയിലെത്തുമെന്ന് തന്നെ ആരും പ്രതീക്ഷിച്ചിരുന്നില്ല. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിക്കുകയും താരതമ്യേന  ദുര്‍ബലരായ ഹോളണ്ടിനോട് ദക്ഷിണാഫ്രിക്ക തോല്‍ക്കുകയും ചെയ്തതോടെയാണ് പാകിസ്താന് സെമിയിലെത്താന്‍ കളമൊരുങ്ങിയത്.

എന്നാൽ ബാബര്‍ അസമിന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയലിലെത്തിയ പാക്കിസ്ഥാന്‍ സംഘവും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. മെല്‍ബണ്‍ ഗ്രൗണ്ടിലെ ആദ്യമത്സരത്തില്‍ തോല്‍വിയായിരുന്നു ഫലം. ഇന്ത്യക്കെതിരായ അവസാനപന്തിലെ തോല്‍വി വലിയതോതില്‍ ടീമിനെ ബാധിക്കുകയും ചെയ്തു. എന്നാല്‍ ദുര്‍ബലരായ സിംബാബ്വെയ്ക്ക് മുന്നില്‍ വീണതോടെ എല്ലാം അവസാനിച്ചുവെന്ന് ക്രിക്കറ്റ് ലോകം വിധിയെഴുതി. തുടർച്ചയായ രണ്ടു തോൽവികൾ ടീമിനെ മൊത്തത്തിൽ നിരാശപെടുത്തിയെങ്കിലും തോറ്റു കൊടുക്കാൻ തയ്യാറാവാത്ത പാക്കിസ്ഥാൻ ടീമിനെയാണ് പിന്നീട് കണ്ടത്. ടൂര്‍ണമെന്റിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ ടീം തുടർച്ചയായ മൂന്ന് മത്സരങ്ങളില്‍ വിജയിച്ചു. ദുർബലരായ നെതെർലണ്ടിനെതിരെയും, ശ്കതരായ ദക്ഷിണാഫ്രിക്കക്കെതിരെയും കറുത്ത കുതിരകളായ ബംഗ്ലാദേശിനെതിരെയും വമ്പൻ വിജയം സ്വന്തമാക്കിയ പാക്കിസ്ഥാൻ അവരുടെ സെമി സാധ്യത നിലനിർത്തുകയായിരുന്നു.

നാളെ നടക്കാനിരിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് സെമിയിലെ വിജയികളെ 13ന് മെൽബണിൽ നടക്കുന്ന ഫൈനലിൽ പാകിസ്ഥാൻ നേരിടുമ്പോൾ ലോക ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത് ആ സ്വപ്ന നിമിഷത്തിനാണ്!! അതെ, മറ്റൊരു  ഇന്ത്യ പാകിസ്ഥാൻ ഫൈനൽ ആയിരിക്കുമോ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്! അതറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.