ഇരട്ട ഗോളുമായി സഹല്‍; വിജയ തിളക്കത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് 

 
മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ ഇരട്ട ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിനു വിജയമുറപ്പാക്കിയത്

ആരാധകരെ ശാന്തരാകുവിന്‍....തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കു ശേഷം തകര്‍പ്പന്‍ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തിയിരിക്കുന്നു. ഐഎസ്എല്ലിലെ 150-ാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മഞ്ഞപ്പട പരാജയപ്പെടുത്തി. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ ഇരട്ട ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിനു വിജയമുറപ്പാക്കിയത്. ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാമത്തെ വിജയമാണിത്. ഗുവാഹട്ടയില്‍ നടന്ന ആവേശപോരാട്ടത്തില്‍ ജയിച്ചതോടെ ഒന്‍പതാം സ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തെത്തി. 

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം സഹലിന്റെ ഇരട്ട ഗോളാണ് മഞ്ഞപ്പടയ്ക്ക് വിജയ പ്രതീക്ഷ നല്‍കിയത്. പിന്നീട് ദിമിത്രയോസ് ദിമയന്റകോസിന്റെ മൂന്നാമത്തെ ഗോളും ലഭിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ അതിഗംഭീര പ്രകടനത്തിനു മുന്നില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുട്ടുമടക്കി. 

കളിയുടെ തുടക്കത്തില്‍ മികച്ച ചില അവസരങ്ങള്‍ നോര്‍ത്ത് ഈസ്റ്റിനു ഉണ്ടായിരുന്നങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല. രണ്ടാം പകുതിയോടെ ബ്ലാസ്‌റ്റേഴ്‌സ് ഗോളിനായി മികച്ച രീതിയില്‍ മുന്നേറി. അങ്ങനെ മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം അവശേഷിക്കെ എതിരില്ലാത്ത മൂന്നു ഗോളുകളോടെ ബ്ലാസ്‌റ്റേഴ്‌സ് വിജയത്തേരേറി. 

ഈ സീസണിലെ ആദ്യ  മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ചു തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പിന്നീടങ്ങോട്ട് തോല്‍വിയുടെ ഘോഷയാത്രയായിരുന്നു. സ്വന്തം തട്ടകത്തില്‍ മോഹന്‍ ബഗാനെതിരെ തോല്‍വി ഏറ്റുവാങ്ങിയ കൊമ്പന്‍മാര്‍ പിന്നീട് ഒഡീഷയോടും മുംബൈ സിറ്റിയോടും പരാജയപ്പെട്ടു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലെ തുടര്‍ച്ചയായ തോല്‍വി ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും അതിഗംഭീര തിരിച്ചു വരവാണ് മഞ്ഞപ്പട ഇന്ന് കാഴ്ച്ചവെച്ചത്. അതേസമയം നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിന് ഈ സീസണിലെ അഞ്ചാമത്തെ തോല്‍വിയാണ്. 

അതേസമയം,പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള എഫ് സി ഗോവയ്‌ക്കെതിരെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത് വാശിയേറിയ മത്സരം നടക്കുക.

Content Highlights - ISL Foot Ball, Kerala Blasters