ഐലീഗ് ഫുട്ബോളില്‍ ഐസ്വാളിനെതിരെ ഗോകുലം കേരള എഫ്.സിയ്ക്ക് ആവേശകരമായ ജയം 

 
മലയാളിതാരം താഹിര്‍ സമാന്റെ ഹെഡ്ഡര്‍ ഗോളിന്റെ പിൻബലത്തിലാണ് ​ഗോകുലം വിജയതീരത്തെത്തിയത്

ഐസ്വാള്‍: ഐലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്.സിയ്ക്ക് രണ്ടാജയം. ഐസ്വാള്‍ എഫ് സിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലത്തിന്റെ വിജയം. മത്സരം അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ പകരക്കാരനായി ഇറങ്ങിയ മലയാളിതാരം താഹിര്‍ സമാന്റെ ഹെഡ്ഡര്‍ ഗോളിന്റെ പിൻബലത്തിലാണ് ​ഗോകുലം വിജയതീരത്തെത്തിയത്. 

വിങ്ങുകളിലൂടെ ഗോകുലം കേരളയുടെ ആദ്യ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ ആതിഥേയര്‍ കളിയിലേക്ക് തിരിച്ചുവന്നു. ആദ്യ പകുതിയില്‍ ഗോകുലത്തിന്റെ കാമറൂണിയന്‍ സ്ട്രൈക്കര്‍ അഗസ്റ്റെ സോംലാഗ ഒറ്റപ്പെട്ട അക്രമങ്ങളിലൂടെ കളംനിറഞ്ഞെങ്കിലും ഗോളിലേക്കെത്തിയില്ല. ഐസ്വാള്‍ ഡിഫന്‍സീവ് ജോഡികളായ ഇമ്മാനുവല്‍ മക്കിന്ഡെയും അകിറ്റോ സൈറ്റോയും കേരള ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ചു. ഗോകുലത്തിന്റെ മുന്‍താരം ഹെന്റി കിസേക്കയായിരിന്നു ഐസ്വാളിന് വേണ്ടി അക്രമങ്ങള്‍ നടത്തിയത്. രണ്ടാം പകുതിക്ക് തൊട്ടു മുന്നെ ഹെന്റിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല.

രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് ക്ലബിന്റെ അക്രമണത്തോടെയായിരുന്നു തുടങ്ങിയതെങ്കിലും നൗഫലിനെയും ഫര്‍ഷാദ് നൂറിനെയും മാറ്റി മധ്യനിരതാരം അര്‍ജുന്‍ ജയരാജനെയും താഹിര്‍ സമാനെയും ഇറക്കിയ ഗോകുലം കളിയിലേക്ക് പതിയെ തിരിച്ചു വന്നു. അര്‍ജുന്റെ ക്രോസില്‍ സമാന്റെ അതുഗ്രന്‍ ഹെഡറിലൂടെ ഗോകുലം വിജയ ഗോള്‍ നേടുകയായിരുന്നു.