ടി 20 ലോകകപ്പിലെ നാണംകെട്ട തോൽവി; സെലക്ടർമാരെ പുറത്താക്കി ബിസിസിഐ

 
ചെയർമാന്‍ ചേതന്‍ ശർമ്മയ്ക്ക് പുറമെ സുനില്‍ ജോഷി, ഹർവീന്ദർ സിംഗ്, ദേവാശിഷ് മൊഹന്തി എന്നിവരായിരുന്നു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളായി ഉണ്ടായിരുന്നത്

മുംബൈ: ടി 20 ലോകകപ്പിലെ തോൽവിക്ക് പിന്നാലെ സെലക്ടർമാരെ പുറത്താക്കി ബിസിസിഐ. മുഖ്യ സെലക്ടർ ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെയാണ് ബിസിസിഐ പുറത്താക്കിയത്. ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലിൽ ഇംഗ്ളണ്ടിനോട് നാണംകെട്ട് തോറ്റ് പുറത്തായതിന് പിന്നാലെ സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നതായി ബിസിസിഐ അറിയിച്ചിരിക്കുന്നത്. നവംബര്‍ 28 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയില്‍ അഞ്ച് അംഗങ്ങളുടെ ഒഴിവാണുള്ളത്. അഞ്ച് വർഷം മുമ്പെങ്കിലും വിരമിച്ച താരങ്ങളെ മാത്രമേ ചുമതലകളിലേക്ക് പരിഗണിക്കൂ. ടീം ഇന്ത്യക്കായി ഏഴ് ടെസ്റ്റുകളോ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ 10 ഏകദിനങ്ങള്‍ക്കൊപ്പം 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ കളിച്ചിട്ടുള്ളവർക്കാണ് സെലക്ഷന്‍ കമ്മിറ്റി അംഗമാകാന്‍ കഴിയുക. മറ്റ് കമ്മിറ്റികളിലൊന്നും അംഗമായുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാനാവില്ല.