അറബിക്കടലിന് മുകളില്‍ കരുത്ത് കാട്ടി സൂര്യകിരണ്‍; ശംഖ് മുഖത്തെ വ്യോമാഭ്യാസം കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍

 

തിരുവനന്തപുരം: അറബിക്കടലിന് മീതെ കരുത്ത് കാട്ടി ഇന്ത്യന്‍ വ്യോമസേനയുടെ അഭ്യാസ പ്രകടനം. വ്യോമസേനയുടെ സൂര്യകിരണ്‍ വ്യോമാഭ്യാസ പ്രകടനത്തിനാണ് തിരുവനന്തപുരം ഇന്ന് സാക്ഷിയായത്. എട്ട് വര്‍ഷത്തിന് ശേഷമാണ് ശംഖ്മുഖം കടപ്പുറത്ത് ഇന്ത്യന്‍ വ്യോമസേനയുടെ അഭ്യാസ പ്രകടനം അരങ്ങേറിയത്. സംസ്ഥാന സര്‍ക്കാരാണ് അഭ്യാസ പ്രകടനം സംഘടിപ്പിച്ചതും.  

പരിപാടിയുടെ ഫുള്‍ ഡ്രസ് റിഹേഴ്സല്‍ ഇന്നലെ രാവിലെ നടന്നിരുന്നു വ്യോമാഭ്യാസ പ്രകടനം കാണുന്നതിന് പവിലിയനിലേക്കു പ്രവേശനം പാസ് മുഖേന ക്രമീകരിച്ചിട്ടുണ്ട്. 250 പേര്‍ക്ക് ഇരിക്കാവുന്ന വിഐപി പവിലിയനും 1000 പേര്‍ക്ക് ഇരിക്കാവുന്ന മറ്റൊരു പവിലിയനും ശംഖുമുഖം ബീച്ചില്‍ ഒരുക്കിയിരുന്നത്. എന്നാല്‍ തലസ്ഥാനത്ത് അരങ്ങേറിയ വ്യോമ പ്രകടനം കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തി.

ചാക്ക മുതല്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് വാഹനങ്ങള്‍ നിയന്ത്രിച്ച് ഗതാഗത ക്രമീകരണം ഒരുക്കി പരിപാടി സുഗമമാക്കിയത്. എസ്.പി തലത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു പ്രത്യേക ചുമതല ഒരുക്കിയിരുന്നത്. ചാക്ക മുതല്‍ ശംഖ് മുഖം വരെയുള്ള റോഡിന്റെ പരിസരത്തും ഗതാഗത ക്രമീകരണങ്ങള്‍ ഒരുക്കിക്കൊണ്ടാണ് വ്യോമസേന അഭ്യാസം നിയന്ത്രിച്ചത്. സൂര്യകിരണ്‍ പൈലറ്റ്മാര്‍ക്കൊപ്പം സെല്‍ഫി പകര്‍ത്താനും അഭിനന്ദിക്കാനും ആയിരക്കണക്കിന് പേര്‍ തടിച്ച് കൂടുകയും ചെയ്തു. എയര്‍ ഫോഴ്സിന്റെ പ്രത്യേക പവലിയനും വ്യോമസേനയുടെ മുദ്രപതിച്ച വസ്സ്ത്രങ്ങളും തൊപ്പികളും അടക്കം വില്‍പ്പനയ്ക്കായി ഒരുക്കിയിരുന്നു.