സൗമ്യ കൊല്ലപ്പെട്ടത് ഹമാസിന്റെ ആക്രമണത്തിലെന്ന് പറയാന്‍ കേരളത്തിന് പേടിയോ?

ഫലസ്തീന് ഭീകര സംഘടനയായ ഹമാസിന്റെ മിസൈല് ആക്രമണത്തില് ഇടുക്കിക്കാരിയായ സൗമ്യ എന്ന യുവതി ഇസ്രായേലില് കൊല്ലപ്പെട്ടപ്പോള് ഒരു പോസ്റ്റ് ഇടാന് പോലും മലയാളിക്ക് പേടിയാണോ. ഇടതുപക്ഷ സാംസ്ക്കാരിക നായകര് പോലും സൗമ്യയുടെ മരണത്തില് കാര്യമായി പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്? എം റിജു തിരുവനന്തപുരം: സദ്ദാം ഹുസൈനെ തൂക്കിക്കൊന്നതിന്റെ പേരില്പോലും ഹര്ത്താല് നടത്തിയ നാടാണ് കേരളം. ഇറാഖിലെ കമ്യൂണിസ്റ്റുകാരെ കൂട്ടക്കുരുതി ചെയ്ത സദ്ദാമിന് കുടപിടിക്കാന്, പക്ഷേ കേരളത്തില് സി.പി.എം ആയിരുന്നു മുന്നില്. ഇതിന്റെ പേരില് സി.പി.എം പിന്നീട് വല്ലാതെ വിമര്ശന …
 

ഫലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന്റെ മിസൈല്‍ ആക്രമണത്തില്‍ ഇടുക്കിക്കാരിയായ സൗമ്യ എന്ന യുവതി ഇസ്രായേലില്‍ കൊല്ലപ്പെട്ടപ്പോള്‍ ഒരു പോസ്റ്റ് ഇടാന്‍ പോലും മലയാളിക്ക് പേടിയാണോ. ഇടതുപക്ഷ സാംസ്‌ക്കാരിക നായകര്‍ പോലും സൗമ്യയുടെ മരണത്തില്‍ കാര്യമായി പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്?

എം റിജു

തിരുവനന്തപുരം: സദ്ദാം ഹുസൈനെ തൂക്കിക്കൊന്നതിന്റെ പേരില്‍പോലും ഹര്‍ത്താല്‍ നടത്തിയ നാടാണ് കേരളം. ഇറാഖിലെ കമ്യൂണിസ്റ്റുകാരെ കൂട്ടക്കുരുതി ചെയ്ത സദ്ദാമിന് കുടപിടിക്കാന്‍, പക്ഷേ കേരളത്തില്‍ സി.പി.എം ആയിരുന്നു മുന്നില്‍. ഇതിന്റെ പേരില്‍ സി.പി.എം പിന്നീട് വല്ലാതെ വിമര്‍ശന വിധേയമാവുകയും ചെയ്തു. പക്ഷേ കേരളത്തിലെ ഇടതുരാഷ്ട്രീയം പിന്തുടരുന്ന ഏതൊരാള്‍ക്കും അറിയാവുന്നതാണ് അത് ആഗോള രാഷ്ട്രീയത്തില്‍ എപ്പോഴും ഒരു പക്ഷേത്തേക്ക് ചാഞ്ഞാണ് ഇരിക്കുന്നത് എന്നാണ്. ഇപ്പോള്‍ ഫലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന്റെ മിസൈല്‍ ആക്രമണത്തില്‍ ഇടുക്കിക്കാരിയായ സൗമ്യ എന്ന യുവതി ഇസ്രായേലില്‍ കൊല്ലപ്പെട്ടതിന്റെ നടുക്കുന്ന വാര്‍ത്തകളാണ് നമുക്ക് മുന്നിലുള്ളത്. എന്നാല്‍ നോക്കുക, അതിന്റെ കുറ്റം പോലും ഇസ്രായേലിന്റെ മേല്‍ ചാരുകയാണ് പല ഇടത് ആക്റ്റീവിസ്റ്റുകളും ചെയ്യുന്നത്. ഇടതുപക്ഷ സാംസ്‌ക്കാരിക നായകര്‍ പോലും സൗമ്യയുടെ മരണത്തില്‍ കാര്യമായി പ്രതിഷേധിച്ചിട്ടില്ല.

പ്രമുഖരുടെ അനുശോചനങ്ങളിലൊന്നും ഹമാസും ഫലസ്തീനും ഉയര്‍ത്തുന്ന തീവ്രവാദത്തിനെതിരെ ഒരു വരിപോലും മിണ്ടുന്നില്ല. മുഖ്യമന്ത്രി സൗമ്യയുടെ മരണത്തില്‍ അനുശോചിച്ചിട്ടുപോലുമില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഒരു പ്രധാന വിമര്‍ശനം. എസ്.എഫ്.ഐയുടെ ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റില്‍പോലും ഏക പക്ഷീയമായി കുറ്റപ്പെടുത്തുന്നത് ഇസ്രായേലിനെയാണ്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഇസ്രായേല്‍ ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ടെന്ന് ശരിയാണ്. പക്ഷേ ഇപ്പോള്‍ മലയാളി യുവതിയുടെ മരണത്തിന് ഇടയാക്കിയ റോക്കറ്റ് വന്നത് ഹമാസിന്റെ ആക്രമണത്തിലാണ്. അത് പറയാന്‍ കേരളത്തിലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് പേടിയാണെന്നപോലെയാണ് പ്രതികരണം. കോണ്‍ഗ്രസ് നേതാവ് അഡ്വ വീണാ നായരുടെ പോസറ്റ് പിന്‍വലിക്കലിലും, പാല എം.എല്‍.എ മാണി സി കാപ്പനുനേരെയുണ്ടായ സൈബര്‍ ആക്രമണവുമൊക്കെ തെളിയിക്കുന്നതും അതാണ്.

മാപ്പു പറഞ്ഞ് തടിയൂരിയ വീണ

ഫലസ്തീന്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായര്‍ മിനുട്ടുകള്‍ക്കകം അത് പിന്‍വലിക്കേണ്ടി വന്നു. ‘ഫലസ്തീന്‍ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ അടിമാലി സ്വദേശിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടു. പ്രിയ സഹോദരിക്ക് ആദരാഞ്ജലികള്‍ എന്നായിരുന്നു വീണ നായരുടെ പോസ്റ്റ്. അതിനു പിന്നാലെ മിനിട്ടുകള്‍ക്കകം അവര്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. ‘മലയാളി യുവതി ഇസ്രായേലില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ച ഒരു സ്‌ക്രീന്‍ഷോട്ട് ശ്രദ്ധിക്കാതെ പോസ്റ്റ് ചെയ്തിരുന്നു. അത് ബോധപൂര്‍വ്വമല്ല.. സംഭവിച്ച തെറ്റിന് ഖേദം പ്രകടിപ്പിക്കുന്നു.’- എന്നായിരുന്നു വീണ നായരുടെ പോസ്റ്റ്.

വീണ ചെയ്തത് ശരിയായ കാര്യമാണ്. എന്നിട്ടും മുസ്ലീം വോട്ട് ബാങ്ക് ഭയന്നാണ് അവര്‍ പോസ്റ്റ് പിന്‍വലിച്ചത് എന്നാണ് ആക്ഷേപം.

മാണി സി കാപ്പനും പൊങ്കാല

മലയാളി യുവതിയെ ഫലസ്തീന്‍ ഭീകരര്‍ മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച മാണി സി. കാപ്പന്‍ എംഎല്‍എയും നേരിടേണ്ടിവന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണ്. ഇസ്രായേലിലെ ആയിരക്കണക്കിന് മലയാളികള്‍ ജീവഭീതിയിലാണ്. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കാപ്പന്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് മതമൗലിക വാദികളെ ചൊടിപ്പിച്ചത്. അസഭ്യവര്‍ഷവും രൂക്ഷമായ അധിക്ഷേപവുമാണ് സോഷ്യല്‍ മീഡിയയില്‍ കാപ്പനെതിരെ ഇപ്പോള്‍ നടക്കുന്നത്.

‘വളരെയധികം സങ്കടകരവും ഞെട്ടലുളവാക്കുന്നതുമായ വാര്‍ത്തയാണ് ഇസ്രായേലില്‍ നിന്നും കിട്ടുന്നത്. ഇസ്രായേലിലെ ആയിരക്കണക്കിന് മലയാളികള്‍ ജീവഭീതിയിലാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും, ഇന്ത്യന്‍ എംബസിയും അടിയന്തരമായി ഇടപെടണമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കാപ്പന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ‘- ഇതോടെ കടുത്ത സൈബര്‍ ആക്രമണമാണ് അദ്ദേഹം നേരിടുന്നത്.

എസ്എഫ്‌ഐയുടെ കുറ്റപ്പെടുത്തുന്നത് ഇസ്രായേലിനെ

സൗമ്യ മരിച്ച അന്നുപോലും എസ്.എഫ്.ഐ ഏകപക്ഷീയമായി കുറ്റപ്പെടുത്തുന്നത് ഫലസ്തീനെയാണ്. എസ്.എഫ്.ഐയുടെ ഔദ്യോഗിക പേജില്‍വന്ന പോസ്റ്റ് ഇങ്ങനെയാണ്.

പാലസ്തീന്‍ ജനതയ്ക്കു നേരെ ഇസ്രായേല്‍ സേനയുടെ അതിക്രമം തുടര്‍ന്നുകൊണ്ടിരിക്കയാണ്. ഒരു രാജ്യത്തെ ജനതയുടെ സൈ്വര്യ ജീവിതത്തിന്റെ സകല സാധ്യതകളെയും തകര്‍ത്തെറിഞ്ഞു കൊണ്ടു തുടര്‍ച്ചയായി മനസാക്ഷിയില്ലാത്ത അതിക്രമങ്ങള്‍ നടത്തുകയാണ്. ലോകത്ത് മനുഷ്യത്വം മരിക്കാത്ത മനസ്സുകള്‍ക്കെല്ലാം പാലസ്തീന്‍ ജനതയുടെ പിറന്ന മണ്ണില്‍ ആത്മഭിമാനത്തോടെ ജീവിക്കുന്നതിനായുളള നിലവിളികള്‍ വേദന ജനിപ്പിച്ചു കൊണ്ടിരിക്കയാണ്. പതിറ്റാണ്ടുകളായി ഇസ്രയേല്‍ തുടരുന്ന ആര്‍ത്തി പൂണ്ട ഈ കാടത്തത്തിന് അറുതി വരേണ്ടതായുണ്ട്. പാലസ്തീന്‍ ജനതയ്ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് , പ്രസിഡന്റ് വി.എ വിനീഷ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഹമാസ് ലക്ഷണമൊത്ത തീവ്രവാദ സംഘടന

എന്നാല്‍ ഫലസ്തീനില്‍ പ്രതിരോധത്തിന്റെ പേരില്‍ ഇസ്രായേലില്‍ നിരന്തരം ആക്രമണം സംഘടിപ്പിക്കുന്ന ഹമാസും ലക്ഷണമൊത്ത തീവ്രവാദ സംഘടനതന്നെയാണ്. കൊച്ചുകുട്ടികളെ മനുഷ്യകവചമായി ഉപയോഗിച്ചുപോലും ഹമാസ് ഇസ്രായേലുമായി വിലപേശുന്നു. മരിച്ചവരുടെ ശവശരീരങ്ങള്‍ക്കുള്ളില്‍വരെ ബോംബ്വെച്ച ചരിത്രവും ഈ സംഘടനക്കുണ്ട്. ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള തര്‍ക്കത്തിന് ചരിത്രപരമായ നിരവധി കാരണങ്ങള്‍ ഉണ്ട്. നിഷ്പക്ഷരായ പല എഴുത്തുകരും ചൂണ്ടിക്കാട്ടിയതുപോലും ഇസ്ലാം- ജൂത മതബോധം ഇവിടെ പ്രകടമാണ്. പക്ഷേ ഇതില്‍ മുസ്ലീം വോട്ടുകള്‍ ലക്ഷ്യമിട്ട് കേരളത്തിലെ ഇടതുപക്ഷംപോലും ഏകപക്ഷീയമായി ഹമാസിന്റെ പക്ഷം പിടിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇസ്രായേല്‍ കൊന്നതുപോലെ തന്നെ ആയിരങ്ങളെ ഹമാസും കൊന്നൊടുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ തര്‍ക്കത്തില്‍ ഏതെങ്കിലും ഒരു പക്ഷത്തിന്റെ ഭാഗം പിടിക്കുന്നത് ശരിയല്ലെന്നും, മനുഷ്വത്വത്തിനും മാനവികതക്കും വേണ്ടിയാണ് എഴുത്തുകാര്‍ അടക്കമുള്ളവര്‍ നിലകൊള്ളേണ്ടത് എന്നുമാണ് റിച്ചാര്‍ഡ് ഡോക്കിന്‍സ് അടക്കമുള്ള സ്വതന്ത്ര ചിന്തകര്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ കേരളമാകട്ടെ ഇസ്രായേല്‍ ഭീകരതയോട് മാത്രം പ്രതിഷേധിക്കുന്നു. ഈ പാപ്പരത്തത്തെ സോഷ്യല്‍ മീഡിയയില്‍ പലരും വിമര്‍ശിക്കുന്നുണ്ട്.