സഖാവ് കൃഷ്ണപിള്ളയുടെ ഭൂമിയുടെ അവകാശം നേടി സിപിഐ

കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് സഖാവ് പി. കൃഷ്ണപിള്ള ജനിച്ചു വളർന്ന വൈക്കം നഗരത്തിലെ മണ്ണ് ഇനി സിപിഐക്ക് സ്വന്തം. കൃഷ്ണപിള്ള ജനിച്ച പറൂർ വീടിരുന്ന 16.5 സെന്റ് സ്ഥലം കുടുംബാംഗങ്ങളിൽ നിന്ന് സിപിഐ വിലയ്ക്കുവാങ്ങി. കൃഷ്ണപിള്ളയുടെ രാഷ്ട്രീയ പൈതൃകം കേരളത്തിലെ പ്രമുഖ ഇടതുപാർട്ടികളായ സിപിഐയും സിപിഎമ്മും അവകാശപ്പെടുന്ന സാഹചര്യത്തിൽ അതീവ രഹസ്യമായാണ് സിപിഐ ഈ ഭൂമി സ്വന്തമാക്കിയത്. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ കാനം രാജേന്ദ്രന്റെ പേരിൽ ഇന്നലെ ഭൂമിയുടെ പോക്കു വരവ് നടത്തിയ ശേഷമാണ് …
 

കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് സഖാവ് പി. കൃഷ്ണപിള്ള ജനിച്ചു വളർന്ന വൈക്കം നഗരത്തിലെ മണ്ണ് ഇനി സിപിഐക്ക് സ്വന്തം. കൃഷ്ണപിള്ള ജനിച്ച പറൂർ വീടിരുന്ന 16.5 സെന്റ് സ്ഥലം കുടുംബാംഗങ്ങളിൽ നിന്ന് സിപിഐ വിലയ്ക്കുവാങ്ങി.

കൃഷ്ണപിള്ളയുടെ രാഷ്ട്രീയ പൈതൃകം കേരളത്തിലെ പ്രമുഖ ഇടതുപാർട്ടികളായ സിപിഐയും സിപിഎമ്മും അവകാശപ്പെടുന്ന സാഹചര്യത്തിൽ അതീവ രഹസ്യമായാണ് സിപിഐ ഈ ഭൂമി സ്വന്തമാക്കിയത്. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ കാനം രാജേന്ദ്രന്റെ പേരിൽ ഇന്നലെ ഭൂമിയുടെ പോക്കു വരവ് നടത്തിയ ശേഷമാണ് വിവരം പുറത്തുവിട്ടത്. കൃഷ്ണപിള്ള ദിനത്തോടനുബന്ധിച്ച് ഇന്ന് ഇവിടെ പതാക ഉയർത്തും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളചരിത്രം വിളംബരം ചെയ്യുന്ന സ്മാരകം, ലൈബ്രറി, മ്യൂസിയം എന്നിവ ഇവിടെ സ്ഥാപിക്കാനാണ് സിപിഐയുടെ തീരുമാനം.

ആറുമാസം മുൻപ് കുടുംബാംഗങ്ങൾ സ്ഥലം വിൽക്കുന്നുവെന്ന് അറിഞ്ഞപ്പോൾ സിപിഐ നേതാക്കൾ സമീപിച്ചു. നഗരസഭയിലെ ആയുർവേദ ആശുപത്രിക്ക് സമീപത്താണ് ഈ ഭൂമി. വീട് ഇപ്പോഴില്ല. തറയും പറമ്പുമുള്ള സ്ഥലം ഇന്നലെ പാർട്ടി പ്രവർത്തകർ വൃത്തിയാക്കി.

1906ൽ വൈക്കത്ത് മണപ്പള്ളി നാരായണൻ നായരുടെയും പറൂർ വീട്ടിൽ പാർവതിയുടെയും മകനായാണ് കൃഷ്ണപിള്ള ജനിച്ചത്. പഠനത്തിനുശേഷം ആലപ്പുഴയിൽ കയർ തൊഴിലാളിയായ കൃഷ്ണപിള്ള കണ്ണാർക്കാട്ട് വീട്ടിൽ വച്ചാണ് 1948 ഓഗസ്റ്റ് 19ന് പാമ്പു കടിയേറ്റ് മരിച്ചത്.

കണ്ണാർക്കാട്ട് വീട് സിപിഎം വാങ്ങി സ്മാരകമാക്കിയിരുന്നു. അവിടെ സിപിഎമ്മും സിപിഐയും ചേർന്നാണ് അനുസ്മരണ സമ്മേളനം നടത്തിയിരുന്നത്. 1927ൽ പറൂർ കുടുംബം ഭാഗം വച്ചു. തറവാട്ടിലുള്ളവർ അലഹബാദിലേക്ക് പോയി. ഇപ്പോഴത്തെ അവകാശികളിൽ നിന്നാണ് സിപിഐ ഭൂമി വാങ്ങിയത്.