ആശുപത്രിയെയും വെറുതെ വിട്ടില്ല, ഗാസയിലെ 
ആശുപത്രിയില്‍ വന്‍ സ്‌ഫോടനം, 500 മരണം

 
ഗാസയ്ക്ക് നേരെയുള്ള കൂട്ടക്കുരുതിയും, കൊടും ക്രൂരതയും അവസാനിക്കുന്നില്ല. ഇപ്പോളിതാ ആശുപത്രിക്ക് നേരെയും സ്‌ഫോടനം നടന്നിരിക്കുകയാണ്. ഗാസയിലെ ആശുപത്രിയില്‍ ബോംബ് പൊട്ടി 500 ലധികം പേര്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിയിലാണ് അര്‍ധരാത്രിയോടെ ആക്രമണം നടന്നത്. 4000 അഭയാര്‍ത്ഥികള്‍ എങ്കിലും ആശുപത്രിയില്‍ ഉണ്ടായിരുന്നു. 
ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന പലസ്തീന്റെ ആരോപണം ഇസ്രായേല്‍ തള്ളി. പലസ്തീന്‍ തീവ്രവാദി സംഘമാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗാസയിലെ ആശുപത്രി തകര്‍ത്തത് ഭീകരരാണ്. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ അവരുടെ മക്കളെയും കൊലപ്പെടുത്തുകയാണെന്ന് കുറിപ്പിലൂടെ നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് മിലിട്ടറി ഗ്രൂപ്പിപ്പ് ഇസ്രായേല്‍ ലക്ഷ്യമാക്കി നടത്തിയ റോക്കറ്റ് ആക്രമണം പരാജയപ്പെട്ട് ആശുപത്രിയില്‍ പതിക്കുകയായിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഗാസയില്‍ നിന്നുയര്‍ന്ന റോക്കറ്റാണ് ആശുപത്രിയില്‍ വീണതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന വക്താവ് വ്യക്തമാക്കി. ആശുപത്രിയില്‍ സ്‌ഫോടനമുണ്ടാകുന്ന സമയത്ത് നിരവധി ഗാസയില്‍ നിന്ന് നിരവധി റോക്കറ്റുകള്‍ ഉയര്‍ന്നിരുന്നു. ഈ റോക്കറ്റുകളിലൊന്നാണ് ആശുപത്രിയില്‍ വീണതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
500 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇസ്രായേല്‍ ഹമാസ് ഏറ്റുമുട്ടല്‍ യുദ്ധത്തിലേക്ക് വഴിമാറിയതിന് പിന്നാലെ ഗാസയില്‍ നടന്ന ഏറ്റവും രക്തരൂക്ഷിതമായ സംഭവമായിരുന്നു ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ഇസ്രായേലില്‍ എത്താനിരിക്കെയാണ് ആശുപത്രിയില്‍ സ്‌ഫോടനമുണ്ടായത്. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ജിസിസി രാജ്യങ്ങള്‍ അപലപിച്ചു. 100 മില്യണ്‍ അടിയന്തര സഹായം നല്‍കുമെന്ന് ജിസിസി രാജ്യങ്ങള്‍ അറിയിച്ചു. കൂട്ടക്കൊലയാണ് ഉണ്ടായതെന്ന് ഖത്തര്‍ വ്യക്തമാക്കിയപ്പോള്‍ യുദ്ധക്കുറ്റമാണെന്നായിരുന്നു ജോര്‍ദാന്റെ പ്രതികരണം.
മരണസംഖ്യ ഉയരുമെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തകര്‍ന്ന ആശുപത്രിയില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ആശുപത്രി പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ആക്രമണം നാലായിരത്തോളം അഭയാര്‍ഥികള്‍ ആശുപത്രിയിലും പരിസരത്തുമായി ഉണ്ടായിരുന്നു. പലരും വീട് ഉപേക്ഷിച്ച് എത്തിയവരാണ്. ഇവരില്‍ പലരും ആക്രമണത്തിനിരയായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം നല്‍കുന്ന റിപ്പോര്‍ട്ട്