വേമ്പനാട് കായലില്‍ 3005 ടണ്ണിലേറെ പ്ലാസ്റ്റിക്  മാലിന്യം, 60  ഇനം  മത്സ്യങ്ങള്‍ അപ്രത്യക്ഷമായി

ആഴവും പരപ്പും കുറഞ്ഞ് 43.5 ശതമാനം കായല്‍ ഇല്ലാതായി
 

കൊച്ചി- വേമ്പനാട് കായലില്‍ അടിഞ്ഞുകിടക്കുന്നത് 3005 ടണ്‍ പ്ലാസ്റ്റിക് മാലിന്യമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) നടത്തിയ പഠനത്തില്‍ കണ്ടെത്തി. 2617. 5 മില്യന്‍ ക്യുബിക് മീറ്ററായിരുന്ന കായലിന്റെ സംഭരണ ശേഷി കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ 387.87 മില്യണ്‍ ക്യുബിക് മീറ്ററായി കുറഞ്ഞിട്ടുണ്ട്. മാലിന്യങ്ങള്‍ അടിഞ്ഞ് കായലിന്റെ ആഴത്തില്‍ ഗണ്യമായ കുറവ് ഉണ്ടായതും സംഭരണശേഷി കുറയാന്‍ കാരണമായതായി പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. വി.എന്‍. സഞ്ജീവന്‍ പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട കായലുകളിലൊന്നാണ് വേമ്പനാട്. ഉത്തരവാദിത്വ ടൂറിസം പദ്ധതി സംസ്ഥാനത്ത് ആദ്യമായി വിജയകരമായി നടപ്പിലാക്കിയ കുമരകം ഉള്‍ക്കൊള്ളുന്ന വേമ്പനാട്ട് കായല്‍ ഇന്ന് അതീവഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വേമ്പനാട്ട് കായലിന്റെ ആവാസ വ്യവസ്ഥക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.  ദിനം പ്രതി നാലു ടണ്ണിലധികം മാലിന്യങ്ങള്‍ വേമ്പനാട്ട് കായലില്‍ തള്ളിക്കൊണ്ടിരിക്കുന്നുവെന്നാണ് ടൂറിസം വകുപ്പിന്റെ തന്നെ കണക്ക്. ഇതില്‍ നല്ലൊരു പങ്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. കായലിലെ പ്രധാന കേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളും അടിഞ്ഞുകൂടിക്കിടക്കുകയാണ്. ടൂറിസ്റ്റുകള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വേസ്റ്റും മദ്യക്കുപ്പികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് കായലിന്റെ പലഭാഗങ്ങളും. ഫിനിഷിംഗ് പോയിന്റിലാണ് ഇത് ഏറ്റവുമധികം രൂക്ഷമായുള്ളത്.
ഇതുമൂലം മത്സ്യഇനങ്ങള്‍ പലതും വംശനാശം നേരിടുകയാണ്. അര നൂറ്റാണ്ടിനിടയില്‍ വേമ്പനാട്ട് കായലില്‍നിന്ന് 60 ഇനം മത്സ്യങ്ങള്‍ അപ്രത്യക്ഷമായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1980-ല്‍ 150 സ്പീഷ്യസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് ഇപ്പോള്‍ കായലിലുള്ളത് 90 മത്സ്യ സ്പീഷീസുകള്‍ മാത്രമാണ്.
വന്‍തോതിലുള്ള ൈകയ്യേറ്റവും നശീകരണവുമാണ് വേമ്പനാട്ട് കായലിന്റെ ജലസംഭരണ ശേഷിയില്‍ 120 വര്‍ഷം കൊണ്ട് 85.3 ശതമാനം കുറവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 120 വര്‍ഷത്തിനുള്ളില്‍ 158.7 ചതുരശ്ര കിലോമീറ്റര്‍ കായലാണ് നികത്തപ്പെട്ടത്. 43.5 ശതമാനം കായല്‍ ഇല്ലാതായി. 1900-ല്‍ 365 ചതുരശ്ര കിലോമീറ്ററായിരുന്ന കായല്‍ വിസ്തൃതി 2020 ആയപ്പോഴേക്കും 206.30 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു.തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്കുഭാഗത്ത് 1930-ല്‍ ശരാശരി എട്ടു മീറ്റര്‍ ആഴമുണ്ടായിരുന്നത് ഇപ്പോള്‍ 1.8 മീറ്ററായി കുറഞ്ഞു. തണ്ണീര്‍മുക്കം ബണ്ടിന്റെ വടക്കുഭാഗത്ത് ശരാശരി ആഴം 8.5 മീറ്റര്‍ ആയിരുന്നു. ഇപ്പോഴത് 2. 87 മീറ്ററാണ്.
കായലിന്റെ വിസ്തൃതി കുറഞ്ഞതും കായലില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിപ്പോകേണ്ട ഭാഗങ്ങള്‍ ചുരുങ്ങിയതുമാണ് വേമ്പനാട്ട് കായലില്‍ വന്നു ചേരുന്ന മീനച്ചില്‍, പമ്പ, അച്ചന്‍കോവില്‍ നദീതടങ്ങളിലും കായലിന്റെ ഭാഗമായ കുട്ടനാട്ടിലും പ്രളയം രൂക്ഷമാക്കിയതെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.