തക്കാളി കിട്ടാനില്ല ; ഉത്പന്നങ്ങളിൽ നിന്ന് തക്കാളി ഒഴിവാക്കി മക്‌ഡൊണാള്‍ഡ്

 

തക്കാളി വില കുതിച്ചുയര്‍ന്നതോടെ ഫാസ്റ്റ് ഫുഡ് ഭക്ഷണശൃംഖലയിലെ ഭീമനായ മക്‌ഡൊണാള്‍ഡും  ഉത്പന്നങ്ങളിൽ നിന്ന് തക്കാളി ഒഴിവാക്കി. ഡൽഹി കൊണോട്ട് പ്ലാസയിലെ ബ്രാഞ്ചിൽ ഇക്കാര്യം വ്യക്തമാക്കി നോട്ടീസും പതിച്ചു. കിലോയ്ക്ക് 120 രൂപ വരെയാണ് ഡൽഹിയിലെ ഇപ്പോഴത്തെ തക്കാളി വില. ആവശ്യത്തിന് തക്കാളി ഇപ്പോൾ ലഭിക്കുന്നില്ലെന്നും, ഈ സാഹചര്യത്തിൽ വിഭവങ്ങളിൽ നിന്ന് തക്കാളി ഒഴിവാക്കുകയാണെന്നും വ്യക്തമാക്കിയാണ് കൊണോട്ട് പ്ലാസയിലെ മക്‌ഡൊണാള്‍ഡ് ഔട്ട്ലെറ്റിന് മുന്നിൽ നോട്ടീസ് പതിച്ചിരിക്കുന്നത്.

തക്കാളി ലഭ്യത പൂർണതോതിൽ ആകുന്നതോടെ തക്കാളി ഉൾപ്പെടുത്തിയുള്ള വിഭവങ്ങൾ പുനസ്ഥാപിക്കുമെന്നും നോട്ടീസിൽ  മക്‌ഡൊണാള്‍ഡ് വ്യക്തമാക്കുന്നുണ്ട്. വിലവർധനവ് അല്ല തക്കാളിയുടെ ലഭ്യതകുറവാണ്  വിളനാശവും പ്രതികൂല കാലാവസ്ഥയും തക്കാളി ഉത്പാദനത്തിന് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്.വിപണിയിൽ തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെ വില കുതിച്ചുയർന്നു. കിലോയ്ക്ക് 22 രൂപയുണ്ടായിരുന്ന തക്കാളിയാണ് ഇപ്പോൾ 120 വരെ എത്തിനിൽക്കുന്നത്. 15 ശതമാനത്തോളം മക്‌ഡൊണാള്‍ഡ് ഷോറൂമുകളിൽ ഈ തീരുമാനം നടപ്പിലാക്കിയിട്ടുണ്ട്.