ഉത്തേരേന്ത്യയില്‍ സ്ഥിതി ഗുരുതരം; പ്രളയത്തില്‍ 37 പേര്‍ മരിച്ചു; ഹിമാചലില്‍ മാത്രം തകര്‍ന്നത് 1300 റോഡുകള്‍

 

കനത്ത മഴ തുടരുന്ന ഉത്തരേന്ത്യയില്‍ സ്ഥിതി ഗുരുതരം. ഹിമാചല്‍ പ്രദേശില്‍ ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ 20 പേര്‍ മരിച്ചു. പ്രധാന വിനോദ സഞ്ചാര മേഖലകളിലും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ഉത്തരേന്ത്യയില്‍ ആകമാനം മൂന്ന് ദിവസത്തിനിടെ 37 ആളുകള്‍ക്ക് മിന്നല്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടമായി.

നാല് സംസ്ഥാനങ്ങളിലായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ട്. ചമോലി നദി കരകവിഞ്ഞു. ഇന്ന് രാവിലെ മുതല്‍ മഴ കുറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സഹായകമായി. മഴയുടെ പശ്ചാത്തലത്തില്‍ 24 ട്രെയിനുകള്‍ റദ്ധാക്കി. ഹിമാചലില്‍ മാത്രം 1300 റോഡുകള്‍ തകര്‍ന്നു.

അതേസമയം ഹരിയാനയിലെ അംബാലയില്‍ സകൂളില്‍ കുടുങ്ങിയ 730 പേരെ രക്ഷപ്പെടുത്തി. ഹരിയാനയിലെ അണക്കെട്ടുകള്‍ തുറന്നതിനെ തുടര്‍ന്ന് യമുന നദി കരകവിഞ്ഞതിനാല്‍ ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.