ലഹരിക്കെതിരെ പ്രതിജ്ഞയുമായി സണ്‍ ഇന്‍ന്ത്യയ്ക്ക് തുടക്കം; ലഹരിമാഫിയക്കെതിരെ ജാഗരൂകരാകണമെന്ന് സുരേഷ് ഗോപി

 

കൊച്ചി: രാജ്യത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകര്‍ക്കുന്നതാണ് ലഹരിമാഫിയയുടെ പ്രവര്‍ത്തനങ്ങളെന്നും ഇതിനെതിരെയുള്ള പോരാട്ടം അനിവാര്യമെന്നും ഭരത് സുരേഷ് ഗോപി. ലഹരി ഉള്‍പ്പടെയുള്ള സാമൂഹിക തിന്മകള്‍ക്ക് എതിരെയുള്ള പുതിയ സംഘടനയായ സണ്‍ ഇന്‍ഡ്യ(സേവ് ഔവര്‍ നേഷന്‍)യുടെ സംസ്ഥാനതല പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാനിലൂടെയും അഫ്ഗാനിസ്ഥാനിലൂടെയുമൊക്കെ കടന്നുവരുന്ന മയക്കുമരുന്നിന്റെ അപകടം തിരിച്ചറിയണം. തീവ്രവാദത്തിന്റെ മുഖവും ഭാവവും മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ എങ്ങനെ തടയാമെന്നാണ് തീവ്രവാദ സംഘടനകള്‍ ചിന്തിക്കുന്നത്. രാജ്യത്തെ തകര്‍ക്കാന്‍ കുടുംബത്തെ തകര്‍ക്കുയാണ് ഇവര്‍ ചെയ്യുന്നത്. ഒരു കുഞ്ഞുപോലും ഈ ദുഷിച്ച വഴിയെ പോയി ജീവിതം പാഴാക്കാതെ നമ്മള്‍ ജാഗരൂകരായിരിക്കണമെന്ന് അദേഹം പറഞ്ഞു. സണ്‍ ഇന്ത്യക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവരെ സുരേഷ് ഗോപി നിശ്ചിതമായി വിമര്‍ശിച്ചു.

പുതിയ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ താനും മുന്നണിയിലുണ്ടാകുമെന്ന് അദേഹം പറഞ്ഞു. മത രാഷ്ട്രീയ വിശ്വാസങ്ങള്‍ക്കപ്പുറം രാഷ്ട്രനന്മയ്ക്കായാണ് സണ്‍ ഇന്‍ ഡ്യ പ്രവര്‍ത്തിക്കുകയെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കേണല്‍ എസ്.ഡിന്നി പറഞ്ഞു. സമൂഹത്തിലെ വൈവിധ്യങ്ങളെയും വ്യത്യസ്തകളെയും തര്‍ക്കങ്ങളാക്കുകയും തുടര്‍ന്ന് വിദ്വേഷമാക്കുകയുമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതാണ് ലഹരി ഉള്‍പ്പടെയുള്ള തിന്മകള്‍ക്ക് വളമായി മാറുന്നതെന്ന് ഡിന്നി പറഞ്ഞു.

പാലാ ബിഷപ്പ് ലഹരിവിപത്തിനെ കുറിച്ച് പറഞ്ഞപ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തുകയും കേസെടുക്കുകയുമാണ് ചെയ്തതെന്ന് ചടങ്ങിന്റെ സ്വാഗതം പറഞ്ഞ സ്വദേശി ജാഗരണ്‍ മഞ്ച് മുന്‍ സംസ്ഥാന കണ്‍വീനര്‍ സി.ജി.കമലാകാന്തന്‍ പറഞ്ഞു. സ്‌ക്വാഡ്രണ്‍ ലീഡര്‍ കെ.എസ്.മാത്യു, പത്തനംതിട്ട മുുസലിയാര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ഷെരീഫ് മുഹമ്മദ്, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, ജീവന്‍ ടിവി ചെയര്‍മാന്‍ പി.ജെ.ആന്റണി, ഡോ.ജോജി എബ്രഹാം എന്നിവര്‍ സംസാരിച്ചു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന ഉദ്ഘാടന ചടങ്ങിന് സാഷ്യം വഹിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി പേര്‍ എത്തിച്ചേര്‍ന്നു.

കേണല്‍ എസ്.ഡിന്നി പ്രസിഡന്റ് ഡോ.ജോജി എബ്രഹാം സെക്രട്ടറി

സണ്‍ ഇന്‍ന്ത്യയുടെ പ്രസിഡന്റായി കേണല്‍ എസ്.ഡിന്നിയെയും ജനറല്‍ സെക്രട്ടറിയായി ഡോ.ജോജി എബ്രഹാമിനെയും തെരഞ്ഞെടുത്തു. ജെയ്‌സണ്‍ ജോണാണ് (എറണാകുളം) ട്രഷറര്‍.
വൈസ പ്രസിഡന്റുമാര്‍: ഷെരീഫ് മുഹമ്മദ് (പത്തനംതിട്ട), മേജര്‍ അമ്പിളിലാല്‍ കൃഷ്ണ (തൊടുപുഴ) മേഴ്‌സി എബ്രഹാം (കോട്ടയം), അഡ്വ.തോമസ് മാത്യു (തിരുവല്ല), രാജീവ് ആലുങ്കല്‍(ആലപ്പുഴ), സുരേഷ് കുമാര്‍ (തിരുവനന്തപുരം), എ.കെ.നസീര്‍ (എറണാകുളം).
സെക്രട്ടറിമാര്‍: സി.ജി കമലാകാന്തന്‍ (എറണാകുളം), എം.ആര്‍.പ്രസാദ് (കായംകുളം ), അഡ്വ.ബി.അശോക് (കോട്ടയം), ജെയ് മോന്‍ ലൂക്കോസ് (കാസര്‍കോഡ്), സണ്ണി എല്ലങ്കുന്നം (ചങ്ങനാശേരി).