24ല്‍ തിരിച്ചു കയറി രണ്ടു ദിവസത്തിനകം രാജി വെച്ച് സുജയപാര്‍വതി, സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചന

 

കൊച്ചി- അവതാരക സുജയ പാര്‍വതി ട്വന്റി ഫോര്‍ ന്യൂസ് ചാനലില്‍ നിന്ന് രാജി വെച്ചു. ട്വിറ്ററിലൂടെയാണ് അവര്‍ രാജി അറിയിച്ചത്. 'നിരുപാധികമായ പിന്തുണക്ക് ഏവര്‍ക്കും നന്ദി. ഏറ്റവും കഠിനമായ പോരാട്ടത്തിനൊടുവിലാണ് ഏറ്റവും മധുരതരമായ വിജയം വരുന്നത്. ഇത് രാജി പ്രഖ്യാപിക്കാനുള്ള സമയം' എന്ന തലക്കെട്ടിലാണ് സുജയ പാര്‍വതി രാജിവെച്ച വിവരം പങ്കുവെച്ചിരിക്കുന്നത്. എല്ലാ നല്ല ഓര്‍മ്മകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നതായും സുജയ പാര്‍വതി അറിയിക്കുന്നു.
ട്വന്റി ഫോര്‍ ന്യൂസില്‍ തിരിച്ചെടുത്ത് രണ്ടു ദിവസം മാത്രം കഴിയുമ്പോഴാണ് സുജയപാര്‍വതിയുടെ നാടകീയമായ രാജി പ്രഖ്യാപനം. ബിഎംഎസ് പരിപാടിയില്‍ പങ്കെടുക്കുകയും സഹപ്രവര്‍ത്തകനെതിരെ വ്യാജ പീഡന പരാതി നല്‍കുകയും ചെയ്തതിന്് പിന്നാലെ ചാനല്‍ സുജയയെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഘപരവാറിന് മാനേജ്‌മെന്റ് തലത്തില്‍ വലിയ സ്വാധീനമുള്ള ട്വന്റിഫോര്‍ ചാനലില്‍ അവരെ തിരിച്ചെടുക്കാന്‍ കടുത്ത സമ്മര്‍ദമുണ്ടായി. മാര്‍ച്ച് 29ന് അവരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ചുമതലയേല്‍ക്കാന്‍ രണ്ടു ദിവസം മുമ്പ് കൊച്ചിയിലെ ട്വന്റി ഫോര്‍ ന്യൂസ് സ്റ്റുഡിയോയിലെത്തിയ സുജയയക്ക് ബി ജെ പി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയത് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
സുജയ പാര്‍വതിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് രണ്ടു ദിവസത്തിനകം രാജിവെച്ച് ഒഴിയാന്‍ അവസരം നല്‍കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഒത്തുതീര്‍പ്പുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് രണ്ടു ദിവസത്തിനകം സുജയപാര്‍വതി രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
ബിജെപിയുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ബിഎംഎസിന്റെ പരിപാടിയില്‍ പങ്കെടുത്ത സുജയ, ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങള്‍ അവഗണിക്കാനാകില്ലെന്നും വേദിയില്‍ പറഞ്ഞിരുന്നു. സസ്‌പെന്‍ഷനിലിരിക്കുമ്പോള്‍ സംഘപരിവാറിന്റെ യുവം പരിപാടിയില്‍ കെ സുരേന്ദ്രനോടൊപ്പം മുഖ്യാതിഥിയായി പങ്കെടുത്ത സുജയ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വ്യക്തമാക്കി. ശബരിമല സ്ത്രീപ്രവേശന സമര കാലത്ത് റിപ്പോര്‍ട്ടിംഗിനായി പോലും അവിടേക്ക് പോകില്ലെന്ന് താന്‍ നിലപാടെടുത്തെന്നും തന്റെ വിശ്വാസങ്ങള്‍ പണയപ്പെടുത്തി ഒരിടത്തും പ്രവര്‍ത്തിച്ചിട്ടല്ലെന്നും സുജയ വ്യക്തമാക്കുകയുണ്ടായി.
ട്വന്റിഫോര്‍ ന്യൂസ് വിട്ട സുജയ പാര്‍വതി ജനം ടിവിയിലേക്കാണോ അതോ മുഴുവന്‍ സമയ രാഷ്ട്രീയക്കാരിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ മാത്രമാണ് ഇനി വ്യക്തത വരാനുള്ളത്.