അനില്‍ ആന്റണി കുഴിയാന, എ കെ ആന്റണയുടെ സേവനം വളരെ വലുത്: കെ സുധാകരന്‍

 
കോഴിക്കോട് - അരിക്കൊമ്പനാണെന്ന് വിചാരിച്ച് ബി.ജെ.പി പിടിച്ചത് കുഴിയാനയെയാണെന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍. എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ബി.ജെ.പി പ്രവേശത്തെ പരിഹസിച്ചാണ് സുധാകരന്റെ കുഴിയാന പരാമര്‍ശം. ബി.ജെ.പിയിലേക്ക് അടുത്തത് കെ സുധാകരനാണെന്ന എം.വി ജയരാജന്റെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ജയരാജന്റേത് വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന ശൈലിയാണ്. ജയരാജനല്ല തന്റെ രാഷ്ട്രീയ ഗുരുവെന്നായിരുന്നു മറുപടി.
എ.കെ ആന്റണിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിലും സുധാകരന്‍ പ്രതികരിച്ചു. 'ആന്റണിക്കെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടില്ല. ഉണ്ടെങ്കിലത് അപലപനീയമാണ്. ആന്റണിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി വിരുദ്ധമാണ്. പാര്‍ട്ടിക്കു വേണ്ടി ആന്റണി ചെയ്ത പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും മറക്കാനാവില്ല. അദ്ദേഹത്തെ വില കുറച്ച് കാണിക്കാന്‍ ആരു ശ്രമിച്ചാലും അതിനെ എതിര്‍ക്കും. നടപടി സ്വീകരിക്കും.'  അനിലിന് പിന്നാലെ കോണ്‍ഗ്രസില്‍നിന്ന് ഇനിയും നേതാക്കള്‍ ബി.ജെ.പിയിലെത്തുമെന്ന അമിത് ഷായുടെ പ്രതികരണവും സുധാകരന്‍ തള്ളി. ഒരുപാട് പേര് വരുമെന്ന അമിത് ഷായുടെ പ്രതീക്ഷ നല്ലതാണ്. ഒരു ആത്മവിശ്വാസം എപ്പോഴും ആവശ്യമാണല്ലോ. എന്നാല്‍, അമിത് ഷാ വിചാരിക്കുന്നതൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും അവര്‍ നിരാശരാവുമെന്നും വ്യക്തമാക്കി. മഹിളാ കോണ്‍ഗ്രസ് പുനഃസംഘടനയെ ചൊല്ലിയുള്ളത് ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണെന്നും കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും പൂര്‍ണമായും തൃപ്തികരമായ പട്ടിക പുറത്തിറക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രെയിന്‍ തീവെപ്പിലെ പോലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായി. അലസമായ അന്വേഷണമാണ് പോലീസില്‍നിന്നുണ്ടായത്. മൃതദേഹം കണ്ടെത്തിയത് മൂന്നു മണിക്കൂറിന് ശേഷമാണ്. പ്രതിയെ കേരളത്തില്‍നിന്ന് പിടികൂടാന്‍ സാധിക്കാതെ പോയത് കടുത്ത ജാഗ്രതക്കുറവും വീഴ്ചയുമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.