ഡിജിയാത്ര അടക്കം വമ്പന്‍ പദ്ധതികള്‍, വികസനക്കുതിപ്പുമായി സിയാല്‍, പ്രശംസിച്ച് മുഖ്യമന്ത്രി

 

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സിയാലില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന നാലാമത്തെ വന്‍ പദ്ധതിയാണിത്. അരിപ്പാറ ജല വൈദ്യുതനിലയം, പയ്യന്നുര്‍ സൗരോര്‍ജ നിലയം, ബിസിനസ് ജെറ്റ് ടെര്‍മിനല്‍ എന്നിങ്ങനെ നേരത്തെ ഉദ്ഘാടനം ചെയ്ത മൂന്ന് പദ്ധതികളും മികച്ചരീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. കാര്യക്ഷമമായും ലാഭകരമായും വിമാനത്താവളങ്ങള്‍ നടത്താന്‍ സ്വകാര്യമേഖലയ്ക്ക് മാത്രമേ കഴിയൂ എന്ന വാദത്തെ അപ്രസക്തമാക്കുന്ന ബദലാണ് സിയാല്‍ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴ് മെഗാ പദ്ധതികള്‍ക്ക് ഉജ്ജ്വല തുടക്കം. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ്, വിമാനത്താവള ആധുനികവത്കരണം, വിനോദ സഞ്ചാര സാധ്യത, കാര്‍ഷിക മേഖലയുടെ വളര്‍ച്ച  മുതലായ  ഘടകങ്ങള്‍ മുന്‍നിര്‍ത്തി, അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 7 പദ്ധതികള്‍ക്കാണ് ഒരൊറ്റദിനത്തില്‍ സിയാല്‍ തുടക്കം കുറിച്ചത്. ഭാവിയിലെ ട്രാഫിക്, കാര്‍ഗോ വളര്‍ച്ച, സുരക്ഷാനവീകരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തില്‍ പുതിയ അധ്യായമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങള്‍ നടത്തുന്നതോ കമ്പോളത്തില്‍ ഇടപെടുന്നതോ ഒന്നും സര്‍ക്കാരിന്റെ കടമയല്ല എന്ന ഉദാരവത്കരണ ചിന്തയ്ക്ക് ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സിയാലില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന നാലാമത്തെ വന്‍ പദ്ധതിയാണിത്. അരിപ്പാറ ജല വൈദ്യുതനിലയം, പയ്യന്നുര്‍ സൗരോര്‍ജ നിലയം, ബിസിനസ് ജെറ്റ് ടെര്‍മിനല്‍ എന്നിങ്ങനെ നേരത്തെ ഉദ്ഘാടനം ചെയ്ത മൂന്ന് പദ്ധതികളും മികച്ചരീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. കാര്യക്ഷമമായും ലാഭകരമായും വിമാനത്താവളങ്ങള്‍ നടത്താന്‍ സ്വകാര്യമേഖലയ്ക്ക് മാത്രമേ കഴിയൂ എന്ന വാദത്തെ അപ്രസക്തമാക്കുന്ന ബദലാണ് സിയാല്‍ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര സോഫറ്റ്വെയര്‍, അഗ്‌നിശമന സേനാ നവീകരണം എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെര്‍മിനല്‍ വികസനം ഒന്നാംഘട്ടം, ഗോള്‍ഫ് ടൂറിസം, എയ്‌റോ ലോഞ്ച്, ചുറ്റുമതില്‍ സുരക്ഷാവലയം എന്നീ പദ്ധതികളുടെ തറക്കല്ലിടലുമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഈ പദ്ധതികളെല്ലാം തന്നെ 'നാളെയിലേയ്ക്ക് പറക്കുന്നു' എന്ന കൊച്ചി എയര്‍പോര്‍ട്ടിന്റെ ആപ്തവാക്യത്തെ സാധൂകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വികസന ചരിത്രത്തില്‍ ലോകത്തിന് തന്നെ മാതൃകയായ സിയാലിന്റെ നിര്‍ണായ ഘട്ടത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് ആമുഖ പ്രഭാഷണത്തിലൂടെ സിയാല്‍ ഡയറക്ടര്‍ എം.എ. യൂസഫലി പറഞ്ഞു.

മന്ത്രി പി.രാജീവ് ചടങ്ങില്‍ അധ്യക്ഷനായി. സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് സ്വാഗതം പറഞ്ഞു.  മന്ത്രിമാരായ കെ.രാജന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. എം.പി.മാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, റോജി എം.ജോണ്‍, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ജനപ്രതിനിധികളായ മാത്യൂ തോമസ്, പി.വി.കുഞ്ഞ്, വി.എം.ഷംസുദ്ദീന്‍, ഗ്രേസി ദയാനന്ദന്‍, ശോഭാ ഭരതന്‍, സിയാല്‍ ഡയറക്ടര്‍മാരായ ഇ.കെ.ഭരത് ഭൂഷന്‍, അരുണ സുന്ദരരാജന്‍, എന്‍.വി.ജോര്‍ജ്, ഡോ.പി.മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു. സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും കമ്പനി സെക്രട്ടറിയുമായ സജി കെ.ജോര്‍ജ് കൃതജ്ഞത രേഖപ്പെടുത്തി.