മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് റിപ്പര്‍ ജയാനന്ദന്‍

വരന്‍ പോലീസുദ്യോഗസ്ഥന്റെ മകന്‍
 

തൃശ്ശൂര്‍- കനത്ത പോലീസ് സുരക്ഷയില്‍  മകളുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് റിപ്പര്‍ ജയാനന്ദന്‍. രാവിലെ പതിനൊന്നേകാലിന് തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലായിരുന്നു ജയാനന്ദന്റെ മകള്‍ കീര്‍ത്തിയുടെ വിവാഹം. ഒമ്പതരയോടെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് വടക്കുന്നാഥനിലെത്തിച്ചു. പിന്നാലെ വധൂവരന്മാര്‍ ക്ഷേത്രത്തിനകത്തേക്ക്. പട്ടാമ്പിയിലെ ഒരു പോലീസുദ്യോഗസ്ഥന്റെ മകനായ അഭിഭാഷക വിദ്യാര്‍ഥിയായിരുന്നു വരന്‍. മകള്‍ക്കൊപ്പം ജയാനന്ദന്റെ ഭാര്യ ഇന്ദിരയും രണ്ടാമത്തെ മെഡിക്കല്‍ വിദ്യാര്‍ഥിയായ മകള്‍ കാശ്മീരയും അടുത്ത ബന്ധുക്കളും. ക്ഷേത്ര നടഅടച്ചതിനാല്‍ വധൂരവന്മാര്‍ പതിനൊന്നുവരെ ഇലഞ്ഞിത്തറയിലെ ഗോപുരത്തിനു സമീപം കാത്തുനിന്നു. പതിനൊന്നേ കാലോടെ താലികെട്ട്. ജയാനന്ദന്‍ വധുവിന്റെ കൈപിടിച്ച് വരനെ ഏല്‍പ്പിച്ചു.
സദ്യ കഴിഞ്ഞ് പൊലീസ് ജീപ്പില്‍ ജയാനന്ദനെ വിയ്യൂര്‍ ജയിലില്‍ മടക്കിയെത്തിച്ചു. ഭാര്യയുടെ അപേക്ഷയുമായി മകളാണ് ജയാനന്ദനായി ഹൈക്കോടതിയില്‍ ഹാജരായത്. രണ്ടു ദിവസത്തെ എസ്‌കോര്‍ട്ട് പരോളാണ് കോടതി അനുവദിച്ചത്. ഇന്നലെ രാവിലെ മാളയിലെ വീട്ടിലെത്തിച്ച ജയാനന്ദനെ വൈകിട്ടോടെ ജയിലേക്ക് മടക്കിക്കൊണ്ടുപോയിരുന്നു. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനാണ്  ഇന്ന് വീണ്ടും പൊലീസ് കാവലില്‍ പുറത്തെത്തിച്ചത്. ആറ് കൊലക്കേസുകള്‍ ഉള്‍പ്പടെ ഇരുപത്തിനാലു കേസുകളില്‍ പ്രതിയാണ് ജയാനന്ദന്‍. ജീവിതാവസാനം വരെ കഠിന തടവാണ് കോടതി വിധിച്ച ശിക്ഷ. ജയാനന്ദന്‍ നേരത്തെ ജെയില്‍ ചാടിയിട്ടുള്ളതിനാല്‍ ക്ഷേത്രപരിസരത്ത് വന്‍പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.