മറൈൻഡ്രൈവ് നിയന്ത്രണം ആരുടെയും സ്വാതന്ത്ര്യം നിഷേധിക്കില്ലെന്ന് ജി സി ഡി എ ചെയർമാൻ

 

കൊച്ചി: മറൈൻ ഡ്രൈവിലെ രാത്രി നിയന്ത്രണം പരീക്ഷണാടിസ്‌ഥാനത്തിൽ ഏർപ്പെടുത്തിയതാണെന്നും ആരുടെയും സ്വാതന്ത്ര്യം ഹനിക്കാൻ ഉദ്ദേശിച്ചല്ലെന്നും ജി സി ഡി എ ചെയർമാൻ കെ. ചന്ദ്രൻപിള്ള. കൊച്ചിയിലെ ഏറ്റവും ആകർഷകമായ സ്‌ഥലമാണ്‌ മറൈൻഡ്രൈവ്. പക്ഷെ അംഗീകരിക്കാനാകാത്ത ചില കാര്യങ്ങൾ അവിടെ നടക്കുന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. തത്ക്കാലം  ഒരു മാസത്തേക്കാണ് നിയന്ത്രണം.

പ്രദേശം മാലിന്യ മുക്തമാക്കാൻ നടപടി സ്വീകരിക്കും. വെളിച്ച കുറവ് പരിഹരിക്കേണ്ടതുണ്ട്.  പൊലീസ് നിരീക്ഷണം കൂടി സജ്ജീകരിച്ച ശേഷമേ നിയന്ത്രണം നീക്കൂ. ബോട്ടുകളുടെ യാത്രക്കും കോസ്റ്റ്ഗാർഡുമായി ചേർന്ന് നിരീക്ഷണം ഏർപ്പെടുത്തണം. അനധികൃത കച്ചവടം പൂർണമായും ഒഴിവാക്കും. ശരിയല്ലാത്ത ചില കച്ചവടങ്ങളും അവിടെ നടക്കുന്നുണ്ട്. അതും തടയേണ്ടതുണ്ട്. എതിർപ്പുകൾ സ്വാഭാവികമാണ്. 25 നു ചേരുന്ന അവലോകന യോഗത്തിൽ നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുമെന്നും ചന്ദ്രൻ പിള്ള പറഞ്ഞു.

കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലൂർ നെഹ്‌റു സ്റ്റേഡിയത്തിൽ സുരക്ഷാ ഓഡിറ്റ് നടത്തും. രാജേന്ദ്ര മൈതാനത്ത് പെറ്റ് കോർണർ അനുവദിച്ചെങ്കിലും പരിസരം വൃത്തിഹീനമാക്കാൻ ആരെയും അനുവദിക്കില്ല. പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസം വൈകില്ലെന്നും  ചന്ദ്രൻ പിള്ള പറഞ്ഞു.