വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കി
 

 

വനിതാ സംവരണ ബില്‍ രാജ്യസഭ ഒറ്റക്കെട്ടായി പാസാക്കി. സഭയിലുള്ള 215 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. ആരും ബില്ലിനെ എതിര്‍ത്തില്ല. ബില്‍ ഒറ്റക്കെട്ടായി പാസാക്കാനുള്ള തീരുമാനത്തിന് ശേഷമാണ് വോട്ടിങിലേക്ക് കടന്നത്.

വനിതാ സംവരണ ബില്‍ ഇരുസഭകളും പാസാക്കിയാലും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംവരണ യാഥാര്‍ത്ഥ്യമാകില്ല. സെന്‍സസിനും മണ്ഡല പുനര്‍നിര്‍ണയത്തിനും ശേഷമാകും സംവരണം യാഥാര്‍ത്ഥ്യമാകുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ബില്ലുമായി ബന്ധപ്പെട്ട് ഭേദഗതികളിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. ഭേദഗതി ആവശ്യപ്പെട്ടുള്ള കെ.സി വേണുഗോപാൽ, ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാർ എന്നിവരുടെ നിർദേശങ്ങൾ തള്ളിയിരുന്നു.

ഒബിസി സംവരണമാവശ്യപ്പെട്ടുള്ള നിർദേശമാണ് തള്ളിയത്. ബുധനാഴ്ച ലോക്സഭയിലും ബിൽ പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.