ഗവര്‍ണറെ മറികടന്ന് പ്രിയാവര്‍ഗീസിന് നിയമനം നല്‍കി കണ്ണൂര്‍ സര്‍വകലാശാല

 

കണ്ണൂര്‍- ഗവര്‍ണറും വൈസ് ചാന്‍സലറും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലിന് ഹൈക്കോടതി വിധിയോടെ അന്ത്യമായതിനെ തുടര്‍ന്ന് പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് നല്‍കി കണ്ണൂര്‍ സര്‍വകലാശാല. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലാണ് നിയമന ഉത്തരവ്. 15 ദിവസത്തിനകം  നീലേശ്വരം ക്യാമ്പസസില്‍ ചുമതലയേല്‍ക്കണമെന്ന് കണ്ണൂര്‍ സര്‍വകലാശാല പ്രിയാ വര്‍ഗീസിനെ അറിയിച്ചു.

പ്രിയാ വര്‍ഗീസിന്റെ നിയമനം നേരത്തെ ഗവര്‍ണര്‍ മരവിപ്പിച്ചിരുന്നു. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചതോടെ ഗവര്‍ണറുടെ ഉത്തരവ് അസാധുവായെന്ന വിലയിരുത്തലിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നല്‍കിയിരിക്കുന്നത്.  

അതേസമയം കണ്ണൂര്‍ സര്‍വകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയെ സമീപിക്കുമെന്നറിയിച്ചിട്ടുണ്ട്. ഗവേഷണ കാലവും എന്‍എസ്എസ് പ്രവര്‍ത്തന കാലവും അധ്യാപന കാലയളവായി കണക്കാക്കി ആണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രിയ വര്‍ഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇത്  2018 ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടത്തിലെ വകുപ്പിന് വിരുദ്ധമാണെന്നാണ് യു ജി സി സുപ്രീംകോടതിയില്‍ വാദിക്കുക. സുപ്രീം കോടതിയില്‍ അപ്പീല്‍ വരാനുള്ള സാധ്യത മുന്നില്‍ കണ്ട് പ്രിയാ വര്‍ഗീസ് തടസഹര്‍ജി നല്‍കിയിട്ടുണ്ട്.