പോലീസിന്റെ വയർലെസ്സ് സന്ദേശം ചോർത്തി; ഷാജൻ സക്കറിയയെ അറസ്റ്റ് ചെയ്യാൻ രഹസ്യമായി  തിരുവനന്തപുരത്ത് എത്തി ആലുവ പോലീസ്  

 

കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സക്കറിയക്ക് എതിരെ പുതിയ കേസ്. ആലുവ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. മുൻ‌കൂർ ജാമ്യമുള്ള മറ്റൊരു കേസിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഷാജൻ സക്കറിയ ഇന്ന് ഹാജർ ആയിട്ടുണ്ട്. തുടർന്ന് ആലുവ പോലീസ് സംഘം തിരുവനന്തപുരത്ത് എത്തി അറസ്റ്റ് ചെയ്യാൻ കാത്തു നിൽക്കുകയായിരുന്നു. 

പോലീസ് അതീവ രഹസ്യമായി നീക്കിയ കേസായിട്ടാണ് ഇതിനെ കാണുന്നത്. നേരെത്തെ തന്നെ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഷാജൻ സക്കറിയ വയർലെസ്സ് സന്ദേശം ചോർത്തിയാതായി ഒരു പോലീസിനെ കൊണ്ട് പരാതി നൽകുകയും അതിൽ ഒരു കേസ് എടുക്കുകയും ചെയ്തു,. അതേസമയം ആ കേസിൽ പ്രതിയാക്കപ്പെട്ട ഷാജൻ സക്കറിയയുടെ അഭിഭാഷകന് പോലും ഈ കേസിന്റെ വിവരങ്ങളോ എഫ്.ഐആറോ കൈമാറാൻ പോലീസ് തയ്യാറായിരുന്നില്ല. 

എന്നാൽ കേസിന്റെ പരാതിയുടെ വിശദാംശമോ എഫ്.ഐആറിന്റെ കോപ്പികളോ പ്രതികൾക്ക് നൽകണമെന്ന് സുപ്രീം കോടതിയുടെ നിർദേശം ഉണ്ടായിട്ട് പോലും അതൊന്നും നൽകാതെയാണ് ഷാജൻ സക്കറിയയെ രഹസ്യമായി തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് ചെയ്യുവാനുള്ള നീക്കം ആലുവ പോലീസ് നടത്തിയിരിക്കുന്നത് എന്നാണ് ഷാജൻ സക്കറിയയുടെ അഭിഭാഷകന്റെ വാദം. 

ഇതിന് എതിരെ ഷാജൻ സക്കറിയയുടെ അഭിഭാഷകൻ എറണാകുളം ജില്ലാകോടതിയിൽ അടക്കം സമീപിച്ചിരിക്കുകയാണ്. കേസിന്റെ വിശദാംശങ്ങൾ പോലും അറിയിക്കുന്നില്ലെന്നും തന്റെ കക്ഷിയായ ഷാജൻ സക്കറിയയെ അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്നും ഈ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇപ്പോൾ ജില്ലാകോടതിയിൽ ഒരു അപേക്ഷയും നൽകിയിട്ടുണ്ട്. ഇന്ന് തന്നെ അപക്ഷ പരിഗണിക്കണമെന്നും 
അഭിഭാഷകൻ ആവശ്യപെട്ടിട്ടുണ്ട്. 

2019 ൽ പോലീസിന്റെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നുമാണ് വയർലെസ്സ് സന്ദേശം ചോരുന്നത്. ആ ചോർന്ന സംഭവം സുരക്ഷ വീഴ്ചയാണെന്ന് ചൂണ്ടികാണിച്ചു കൊണ്ട് മറുനാടൻ മലയാളി ഓൺലൈൻ ചാനലിൽ  ഒരു വാർത്തയും വന്നിരുന്നു. . ഇതിനെയാണ്  വയർലെസ്സ് സന്ദേശം ചോർത്തി എന്ന ഒരു പരാതിയുടെ അടിസ്ഥാനത്തിലാക്കി കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നിയമപരമായി കോടതിയിൽ നേരിടുമെന്നും  ഷാജൻ സക്കറിയയുടെ അഭിഭാഷകൻ വ്യക്തമാക്കി.