ലക്ഷ്യം ജുഡീഷ്യല്‍ സര്‍വീസ്, ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷക പത്മലക്ഷ്മിക്ക് അഭിനന്ദന പ്രവാഹം

ലിംഗമാറ്റ ശസ്ത്രക്രിയക്കായി ഹോര്‍മോണ്‍ ചികിത്സയിലാണ് പത്മലക്ഷ്മി
 

കൊച്ചി- കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി ചരിത്രത്തില്‍ ഇടംപിടിച്ച പത്മലക്ഷ്മി അഭിനന്ദന പ്രവാഹങ്ങളുടെ നടുവില്‍. നിയമവകുപ്പ് മന്ത്രി പി രാജീവ് പത്മലക്ഷ്മിയെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു. മുതിര്‍ന്ന അഭിഭാഷകരും നിയമജ്ഞരുമടക്കം പത്മലക്ഷ്മിയെ അഭിനന്ദനമറിയിച്ചു. അഭിഭാഷകയായി മാറിയ തന്റെ അടുത്ത ലക്ഷ്യം ജുഡീഷ്യല്‍ സര്‍വീസാണെന്ന് പത്മലക്ഷ്മി വ്യക്തമാക്കി. ഈ ലക്ഷ്യം നേടിയാല്‍ ജഡ്ജി പദത്തിലെത്തുന്ന ഇന്ത്യയിലെ തന്നെ ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി പത്മലക്ഷ്മി മാറും.
ആദ്യത്തെ ആളാകുക എന്നത് ചരിത്രത്തിലെപ്പോഴും കഠിനമായ നേട്ടമാണെന്ന് മന്ത്രി പ രാജീവ് തന്റെ കുറിപ്പില്‍ പറഞ്ഞു. ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ മുന്‍ഗാമികളില്ല. തടസങ്ങള്‍ അനവധിയുണ്ടാകും. നിശബ്ദമാക്കാനും പിന്തിരിപ്പിക്കാനും ആളുകളുണ്ടാകും. ഇതിനെയെല്ലാം അതിജീവിച്ചാണ് നിയമചരിത്രത്തില്‍ സ്വന്തം പേര് പത്മലക്ഷ്മി എഴുതിച്ചേര്‍ത്തിരിക്കുന്നത്. നീതിക്കായുള്ള പോരാട്ടത്തില്‍ ഏത് ഭാഗത്ത് നില്‍ക്കണമെന്ന് പത്മലക്ഷ്മി കടന്നുവന്ന വഴികള്‍ അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള യാത്രയില്‍ നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകുകയാണ് ലക്ഷ്യമെന്ന പത്മലക്ഷ്മിയുടെ വാക്കുകള്‍ അത്രമേല്‍ മൂര്‍ച്ചയുള്ളതാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള കൂടുതലാളുകള്‍ അഭിഭാഷകവൃത്തിയിലേക്ക് കടന്നുവരുന്നതിന് പത്മലക്ഷ്മിയുടെ ജീവിതം പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി എന്റോള്‍ ചെയ്ത പത്മലക്ഷ്മിക്ക് അഭിനന്ദനങ്ങള്‍- പി രാജീവ് കുറിച്ചു.
അഭിഭാഷക വൃത്തിയിലേക്ക് കടന്നുവരുന്ന പത്മലക്ഷ്മി ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങളിലാണ്. ഇതിനുള്ള ഹോര്‍മോണ്‍ ചികിത്സ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടന്നുവരുന്നു. ട്യൂഷനെടുത്തും ഇന്‍ഷുറന്‍സ് ഏജന്റായും മറ്റും ജോലി ചെയ്ത് നേടുന്ന വരുമാനം കൊണ്ടായിരുന്നു ഇതുവരെയുള്ള ചികിത്സ. ഇനി കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ അവള്‍ സ്വപ്‌നം കാണുന്നു. പൂര്‍ണ പിന്തുണയുമായി മാതാപിതാക്കളും ലോകോളേജിലെ പ്രിയപ്പെട്ട ചില അധ്യാപകരും സുഹൃത്തുക്കളും പത്മലക്ഷ്മിക്കുണ്ട്.