പതിവ് സന്ദർശനത്തിന് മൂന്നാര്‍ ജനവാസ മേഖലയില്‍ എത്തി പടയപ്പ; റേഷൻ കടയ്ക്ക് നേരെ ആക്രമണം

 

മൂന്നാറിലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും പടയപ്പയിറങ്ങി. ഇന്നു പുലര്‍ച്ചെയോടെ മൂന്നാര്‍ ലോക്കാര്‍ട് എസ്റ്റേറ്റിലാണ് പടയപ്പയെത്തിയത്. ലയങ്ങളുടെ സമീപത്ത് എത്തിയ കാട്ടാന റേഷൻ കട ആക്രമിക്കുകയും അരിച്ചാക്കുകള്‍ വലിച്ചു പുറത്തിടുകയും ചെയ്തു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആന ഇപ്പോഴും ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. മണിക്കൂറുകള്‍ പരിഭ്രാന്തി സൃഷ്ടിച്ച പടയപ്പ ഏഴുമണിയോടെ സമീപത്തെ കാട്ടിലേക്ക് നീങ്ങി. ഇവിടെ നിലയുറപ്പിച്ചിരിക്കുന്ന പടയപ്പയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കുറച്ച്‌ കാലമായി മറയൂര്‍ മേഖലയിലായിരുന്നു പടയപ്പയുണ്ടായിരുന്നത്. മറയൂരിലും പടയപ്പയുടെ ആക്രമണത്തില്‍ കൃഷി നാശമടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.