ഉമ്മന്‍ ചാണ്ടിക്കും വക്കം പുരുഷോത്തമനും ആദരം;  ഒമ്പതാം നിയമസഭ സമ്മേളത്തിന് തുടക്കം

 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനും ആദരം അര്‍പ്പിച്ച് പതിനഞ്ചാം കേരള സഭയുടെ ഒമ്പതാം നിയമസഭ സമ്മേളത്തിന് തുടക്കം. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ടീയത്തിലെ സുപ്രധാന ഏടാണെന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. കേരളം വിട്ടുപോകാത്ത മനസായിരുന്നു ഉമ്മന്‍ചാണ്ടിക്ക്. കഴിവും കാര്യക്ഷമതയും ഉള്ള ഭരണാധികാരിയായിരുന്ന അദ്ദേഹം. ഉമ്മന്‍ചാണ്ടി പുതുതലമുറക്ക് മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാരപദവികളില്‍ ഭരണപാടവവും കാര്‍ക്കശ്യവും ഉയര്‍ത്തിപ്പിടിച്ച കോണ്‍ഗ്രസ് നേതാവും, മുന്‍ഗവര്‍ണറും, മുന്‍സ്പീക്കറും, മുന്‍മന്ത്രിയും ആയിരുന്ന വക്കം ബി. പുരുഷോത്തമനും മുഖ്യമന്ത്രി ആദരം അര്‍പ്പിച്ചു. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ജനാവലിയായിരുന്നു ഉമ്മന്‍ചാണ്ടിക്ക് അന്ത്യോപചാരം അര്‍പ്പിച്ചത്. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച സാധാരണക്കാരില്‍ സാധാരണക്കാരുടെ ശബ്ധമായി മാറിയ ഉമ്മന്‍ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയത് തീരാ നഷ്ടമാണെന്നത് വസ്തുതയാണ്.

എഴുപതുകളുടെ തുടക്കത്തില്‍ നിരവധി യുവാക്കളുടെ സാന്നിദ്ധ്യം കൊണ്ട് കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലെജിസ്ലേച്ചറിലും എക്സിക്യൂട്ടീവിലുമായി അവരില്‍ മറ്റാരേക്കാളും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചിട്ടുമുണ്ട്. മൂന്നുവട്ടം മന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴില്‍ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തു. മുഖ്യമന്ത്രിയായും അതിനെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവായും അദ്ദേഹം സേവനം ചെയ്തു. കഴിവും കാര്യക്ഷമതയുമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹംമെന്നും കൂടാതെ ശ്രദ്ധേയനായ നിയമസഭാ സാമാജികനും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

1970 ല്‍ ഞാനും ഉമ്മന്‍ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗങ്ങളായത്. എന്നാല്‍, ഞാന്‍ മിക്കവാറും വര്‍ഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവര്‍ത്തനരംഗത്തായിരുന്നു. ഇടയ്ക്കൊക്കെ സഭയിലും. എന്നാല്‍, ഉമ്മന്‍ചാണ്ടി ആദ്യം സത്യപ്രതിജ്ഞ ചെയ്തത് മുതല്‍ ഇങ്ങോട്ട് എന്നും ഈ സഭയിലെ അംഗമായിതന്നെ തുടര്‍ന്നിരുന്നു. പല കോണ്‍ഗ്രസ് നേതാക്കളും കെ കരുണാകരനും എ കെ ആന്റണിയുമടക്കം - പാര്‍ലമെന്റംഗങ്ങളായും മറ്റും പോയിട്ടുണ്ട്. എന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് എന്നും പ്രിയങ്കരം കേരള നിയമസഭയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഈ സഭ വിട്ടുപോയതുമില്ല.

കേരളജനതയോടും കേരള നിയമസഭയോടും അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായപ്പോഴും അദ്ദേഹം കേരളത്തില്‍ കേന്ദ്രീകരിച്ചു തന്നെ പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെട്ടു. കേരളം വിട്ടുപോവാത്ത മനസ്സായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്.

ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ ആവര്‍ത്തിച്ച് തെരഞ്ഞെടുക്കപ്പെട്ട് സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തില്‍ അഞ്ച് പതിറ്റാണ്ടിലേറെ പൂര്‍ത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട 12 തവണകളില്‍ ഒരു തവണ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. 53 വര്‍ഷക്കാലത്തോളം നിയമസഭാ സാമാജികനായി തുടരുക. ഇതൊക്കെ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വം പേര്‍ക്ക് മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂര്‍വം നിയമസഭാ സാമാജികരുടെ നിരയിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളില്‍ അദ്ദേഹം നേടിയ വിജയത്തിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് പദവിയിലിരുന്നാലും മികവാര്‍ന്ന ഭരണപാടവം കാഴ്ച്ചവെച്ച വ്യക്തിത്വം ആയിരുന്നു മുന്‍ഗവര്‍ണറും, മുന്‍സ്പീക്കറും, മുന്‍മന്ത്രിയും ആയിരുന്ന വക്കം ബി. പുരുഷോത്തമന്‍. അദ്ദേഹം 2023 ജൂലൈ 31 നാണ് അന്തരിച്ചത്. 1970  ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി നിയമസഭയിലെത്തി. പിന്നീട് രാഷ്ട്രീയ വിജയത്തിന്റെ പടവുകള്‍ കയറിയ അദ്ദേഹം ഡി.സി.സി. പ്രസിഡന്റ്, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, കാല്‍നൂറ്റാണ്ടിലധികം എ.ഐ.സി.സി. അംഗം എന്നീ നിലകളില്‍ പാര്‍ട്ടിയെ നയിച്ചു. 1970, 1977, 1980, 1982, 2001 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലൂടെ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ വക്കം ബി. പുരുഷോത്തമന്‍ 1971-77 കാലയളവില്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ കൃഷി, തൊഴില്‍, നിയമ വകുപ്പുമന്ത്രിയായും, 1980-81 കാലയളവില്‍ ഇ. കെ. നായനാര്‍ മന്ത്രിസഭയില്‍ ആരോഗ്യ, ടൂറിസം വകുപ്പുമന്ത്രിയായും, 2004-06 കാലയളവില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ധന, എക്‌സൈസ്, ലോട്ടറി വകുപ്പുമന്ത്രിയായും സേവനം അനുഷ്ഠിച്ചു.

തൊഴില്‍ വകുപ്പുമന്ത്രി പദവിയിലിരിക്കെ അദ്ദേഹം രൂപം നല്‍കിയ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബില്‍, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബില്‍ എന്നിവ സംസ്ഥാന തൊഴില്‍ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഓണം വാരാഘോഷത്തിന് തുടക്കം കുറിച്ചതും, ആധുനിക രീതിയില്‍ കേരളാ ഹൗസ് പുതുക്കിപ്പണിതതും, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ റഫല്‍ ആശുപത്രികളാക്കി മാറ്റിയതും അദ്ദേഹത്തിന്റെ ഭരണ മികവിന് ഉദാഹരണങ്ങളാണ്. എന്നാല്‍, നിയമസഭാ സ്പീക്കര്‍ എന്ന നിലയിലാണ് അദ്ദേഹം തന്റെ കര്‍മ്മമണ്ഡലത്തില്‍ ഏറെ തിളങ്ങിയത്.

ഏത് പദവിയിലിരുന്നാലും മികവാര്‍ന്ന ഭരണപാടവം അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.  കണിശക്കാരനെന്നുള്ള നിലയില്‍ അദ്ദേഹം തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു. കാര്‍ക്കശ്യ ഭാവത്തോടെ കൃത്യനിഷ്ഠ പാലിക്കാന്‍ ഏവരേയും സജ്ജരാക്കി. വിവാദങ്ങളെ വകവെക്കാതെ തന്റെ തീരുമാനങ്ങളില്‍ ഉറച്ചുനിന്ന അദ്ദേഹത്തിന്റെ ശൈലിയും നിശ്ചയദാര്‍ഢ്യവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മന്ത്രി പദത്തിലിരുന്ന വേളയില്‍ സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടിയുള്ള വീക്ഷണമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വേളയില്‍ കേരളത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ കേന്ദ്ര ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനും അദ്ദേഹത്തിന് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.

അടിസ്ഥാന ആശയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കാര്‍ക്കശ്യ നിലപാട് സ്വീകരിച്ച വക്കം ബി. പുരുഷോത്തമന്റെ നിര്യാണത്തിലൂടെ പൊതുതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ട, രാഷ്ട്രീയത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വച്ച, മനുഷ്യസ്‌നേഹിയും പരിശ്രമശാലിയുമായ ഒരു ജനകീയ നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ സമ്മേളനത്തില്‍ വ്യക്തമാക്കി.