ലിറ്ററിന് 15 രൂപക്ക് പെട്രോള്‍; ഇന്ധന ബദല്‍ പദ്ധതി മുന്നോട്ടുവെച്ച് നിതിന്‍ ഗഡ്കരി

 

ജയ്പുര്‍: ലിറ്ററിന് 15 രൂപയ്ക്ക് പെട്രോള്‍ വില്‍ക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെടുന്ന പദ്ധതി മുന്നോട്ടുവെച്ച് കേന്ദ്ര ഉപരിതല, ഹൈവേ, ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. വാഹനങ്ങളില്‍ ശരാശരി 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും ഉപയോഗിച്ചാല്‍, പെട്രോള്‍ ലിറ്ററിന് 15 രൂപയ്ക്കു ലഭ്യമാകും. ജനങ്ങള്‍ക്കെല്ലാം അതിന്റെ നേട്ടമുണ്ടാകും-രാജസ്ഥാന്‍ പ്രതാപ്ഗഡിലെ റാലിയില്‍ ഗഡ്കരി പറഞ്ഞു.

പഞ്ചസാര പുളിപ്പിച്ച് തയാറാക്കുന്ന പ്രകൃതിദത്ത ഇന്ധനമാണ് ഈഥൈല്‍ ആല്‍ക്കഹോള്‍ അഥവാ എഥനോള്‍. കരിമ്പില്‍ നിന്ന് പഞ്ചസാര വേര്‍തിരിച്ചെടുത്താണ് ഉത്പാദിപ്പിക്കുക. ചോളം പോലുള്ള മറ്റു ഭക്ഷ്യധാന്യങ്ങളും ഉപയോഗിക്കാം. ഇത്തരത്തില്‍ മിശ്രിത ഇന്ധനം ഉപയോഗിക്കുമ്പോള്‍ പരിസ്ഥിതി മലിനീകരണം മാത്രമല്ല, ഇന്ധന ഇറക്കുമതിയും കുറയും. ഇന്ധന ഇറക്കുമതിക്കായും മറ്റും ചെലവാകുന്ന 16 ലക്ഷം കോടി രൂപ കര്‍ഷകരുടെ ഭവനങ്ങളിലേക്ക് എത്തുകയും ചെയ്യും. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന എഥനോള്‍ ഉപയോഗിച്ച് എല്ലാ വാഹനങ്ങളും ഓടിത്തുടങ്ങിയാല്‍ അവരെ ഊര്‍ജദാതാക്കള്‍ കൂടിയായി മാറ്റാം. അതാണ് ഈ സര്‍ക്കാരിന്റെ മനോഭാവം- ഗഡ്കരി വിശദീകരിച്ചു.

5,600 കോടി രൂപയുടെ 11 ദേശീയപാത പദ്ധതികളുടെ ശിലാസ്ഥാപനവും 3,775 കോടി ചെലവിട്ട് നിര്‍മിച്ച 219 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 4 ദേശീയപാതകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.