ഉത്തരേന്ത്യയില്‍ ദുരിതപെയ്ത്ത്; വ്യാപക നഷ്ടം, കരകവിഞ്ഞൊഴുകി നദികള്‍

 

മഴക്കെടുതിയില്‍ കരകയാറാതെ ഉത്തരേന്ത്യ. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ് നല്‍കി. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ എല്ലാ സ്‌കൂളുകള്‍ക്കും ചൊവ്വാഴ്ച്ച  അവധി പ്രഖ്യാപിച്ചു.

യമുനാ നദി അപകനിലയും പിന്നിട്ട അവസ്ഥയിലാണ്. ഡല്‍ഹിയിലെ പ്രളയസാഹചര്യം നിരീക്ഷിക്കുന്നതിന് 16 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഡല്‍ഹി, ഹിമാചല്‍പ്രദേശ്, ജമ്മു കാശ്മീര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് മഴക്കെടുതി രൂക്ഷമായത്. ഈ മേഖലകളിലെ റോഡുകളും പാലങ്ങളും ശക്തമായ മഴയില്‍ ഒലിച്ചു പോയി. കനത്ത നാശനഷ്ടങ്ങളാണ് വിവിധ ഇടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ദേശീയപാത-44ലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന വാഹനങ്ങള്‍ മുഗള്‍ റോഡ് വഴി പോകണമെന്ന് കശ്മീര്‍ പൊലീസ് നിര്‍ദേശം നല്‍കി.

പ്രളയസമാനമായ സാഹചര്യം ഉണ്ടായ പ്രദേശങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കി. വിവിധ ഇടങ്ങളില്‍ വീടും കാറുകളും ഒലിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം പുറത്തു വന്നിരുന്നു.