മണിപ്പൂര്‍ കലാപം; സഭയില്‍ ബഹളം, മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ നീക്കം

 

മണിപ്പൂരിനെച്ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ, നരേന്ദ്രമോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷ നീക്കം. 26 പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യയാണ് കേന്ദ്രസര്‍ക്കാരിനെതിരെ ലോക്സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ആലോചിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം ഉയര്‍ന്നത്.

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉറച്ചു നില്‍ക്കുകയാണ്. അവിശ്വാസ പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാമെന്നും, പ്രധാനമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കാനാകുമെന്നും പ്രതിപക്ഷം കണക്കു കൂട്ടുന്നു. ലോക്സഭയ്ക്ക് പുറമേ, രാജ്യസഭയിലും മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.

മണിപ്പൂര്‍ അക്രമത്തിന്റെ അനന്തരഫലങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇത് അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് ഗുണകരമല്ല. പ്രധാനമന്ത്രി അഹംഭാവം വെടിയണം. സ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്തൊക്കെ ചെയ്തെന്നും, മണിപ്പൂരില്‍ എപ്പോള്‍ സാധാരണ നില കൈവരിക്കുമെന്നും പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് ഖാര്‍ഗെ ട്വീറ്റില്‍ ആവശ്യപ്പെട്ടു.