മണിപ്പൂര്‍ കലാപം; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷത്തെ കണ്ടു

 

മണിപ്പൂരിലെ സംഭവങ്ങളില്‍ സഭാ സ്തംഭനം നീക്കാന്‍ സര്‍ക്കാര്‍ നീക്കം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷത്തെ കണ്ടു. അതേസമയം, പാര്‍ലമെന്റില്‍ പ്രതിഷേധം കനക്കുന്നു. മണിപ്പുര്‍ വിഷയത്തില്‍ വീണ്ടും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്  ലോക്‌സഭയും രാജ്യസഭയും ഉച്ചവരെ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്നാണ് സഭാ സ്തംഭനം നീക്കാന്‍ രാജ്‌നാഥ് സിങ് പ്രതിപക്ഷത്തെ കണ്ടത്.

മണിപ്പൂര്‍ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ എഎഎപി എംപി സഞ്ജയ് സിംഗിന് സസ്‌പെന്‍ഷന്‍. രാജ്യസഭയിലെ ബഹളത്തിനിടയില്‍, ചെയര്‍മാന്റെ നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചതിനാണ് എഎപി എംപി സഞ്ജയ് സിംഗിനെ മണ്‍സൂണ്‍ സമ്മേളനത്തില്‍ നിന്നും പൂര്‍ണ്ണമായും ചെയര്‍മാന്‍ ജഗ്ദീപ് ധങ്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. സസ്പെന്‍ഡ് ചെയ്യപ്പെടുന്നതിന് മുമ്പ് സഞ്ജയ് സിംഗ് രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷവും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവെക്കുകയും ചെയ്തു. മണിപ്പൂര്‍ വിഷയത്തില്‍ സഭ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ ആരാണ് പ്രതികരിക്കേണ്ടതെന്ന് പ്രതിപക്ഷമല്ല തീരുമാനിക്കേണ്ടതെന്നും ലോക്സഭയില്‍ സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കിയതും പ്രതിപക്ഷ പ്രതിഷേധം ശക്തമാവാന്‍ ഇടയാക്കി.