ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി

 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി.

 

ജനകീയനും മനുഷ്യസ്‌നേഹിയുമായ ഒരു ഭരണാധികാരി ആയിരുന്നുവെന്നും പതിറ്റാണ്ടുകളായുള്ള സ്‌നേഹബന്ധവും സൗഹൃദവുമാണ് അദ്ദേഹവുമായി ഞാന്‍ വെച്ച് പുലര്‍ത്തിയതെന്നും എം എ യൂസഫലി പറഞ്ഞു. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.........

ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ജനകീയനായ രാഷ്ട്രീയ നേതാവ്, മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളില്‍ കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും  വേണ്ടി എന്നും നിലകൊണ്ട ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണം ഏറെ ദു:ഖത്തോടെയാണ് ഞാന്‍ ശ്രവിച്ചത്.

 

പതിറ്റാണ്ടുകളായുള്ള സ്‌നേഹബന്ധവും സൗഹൃദവുമാണ് അദ്ദേഹവുമായി ഞാന്‍ വെച്ച് പുലര്‍ത്തി പോന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍, സ്മാര്‍ട്ട് സിറ്റി പ്രത്യേക ക്ഷണിതാവ് എന്നി നിലകളില്‍ അദ്ദേഹവുമായി വളരെ അടുത്ത് ഇടപഴകാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.

ജനകീയനും മനുഷ്യസ്‌നേഹിയുമായ ഒരു ഭരണാധികാരികൂടിയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ജനസമ്പര്‍ക്ക പരിപാടി ഇതിനൊരു ഉദാഹരണമാണ്. തളരാതെ മണിക്കൂറുകളോളം പ്രവര്‍ത്തിച്ച് ദുരിതമനുഭവിക്കുന്ന അസംഖ്യം ആളുകള്‍ക്കാണ് ഇതിലൂടെ അദ്ദേഹം ആശ്വാസം പകര്‍ന്നത്.  ഐക്യരാഷ്ട്ര സഭ ആഗോളതലത്തില്‍ പൊതുസേവനത്തിനു നല്‍കുന്ന പുരസ്‌കാരം 2013 ല്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനു ലഭിച്ചത് ഈ ഒരു പരിപാടിക്കായിരുന്നു എന്നത് അഭിമാനാര്‍ഹമാണ്. ഭരണനേതൃത്വത്തില്‍ ഇല്ലാത്തപ്പോഴും ജനക്ഷേമപരമായ അനേകം കാര്യങ്ങളാണ് അദ്ദേഹം ഏറ്റെടുത്ത് നടത്തിയത്.  

ജനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ച കേരളത്തിന്റെ ജനകീയനായ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.