ഉച്ച കഴിഞ്ഞ് അവധി; എം സി റോഡില്‍ ഗതാഗത നിയന്ത്രണം; വിലാപ യാത്ര കോട്ടയത്തേക്ക്

 

കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ച കഴിഞ്ഞ് അവധി. വിലാപ യാത്ര കോട്ടയത്തേക്ക് തിരിച്ചതിന്റെ ഭാഗമാായി പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കൂടാതെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലും കടകള്‍ അടച്ചിടാന്‍ തീരുമാനം.

അതേസമയം, കോട്ടയത്തെ എംസി റോഡില്‍ ഗതാഗത നിയന്ത്രണം. ഭാരമുള്ള വാഹനങ്ങള്‍ ദേശീയ പാത വഴി പോകണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. ഉച്ചവരെ സമാന്തര പാതകള്‍ വഴി യാത്ര ചെയ്യാന്‍ ശ്രമിക്കണമെന്ന് പൊലീസ് പറയുന്നു. എംസി റോഡ് വഴിയുള്ള യാത്രകള്‍ പൊതുജനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും പൊലീസ് നിര്‍ദേശമുണ്ട്.

തങ്ങളുടെ പ്രിയ നേതാവിനെ യാത്ര അയക്കാന്‍ വന്‍ ജനാവലിയാണ് വിലാപ യാത്രയായി പോകുന്ന വാഹനത്തെ അനുഗമിക്കുന്നത്. ഓരോ പോയിന്റിലും മണിക്കൂറുകളെടുത്താണ് വാഹനം നീങ്ങുന്നത്. ജനസാഗരത്തില്‍ ജീവിച്ച നേതാവിനെ വന്‍ ജനാവലിയാണ് പിന്തുടരുന്നത്.