കൊല്ലത്ത് കിണറിടിഞ്ഞ് കുടുങ്ങിയ തൊഴിലാളിക്ക്  ഫയർഫോഴ്സ് രക്ഷകരായി ; തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി

 
കൊല്ലം: രാമൻകുളത്ത് ഫ്ലാറ്റിന് സമീപത്തെ കിണറിന് ആഴം കൂടുന്നത്തിനിടയിൽ മണ്ണിടിഞ്ഞ് കിണറിൽ കുടുങ്ങിയ തൊഴിലാളിയെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനിടയിൽ രക്ഷപ്പെടുത്തി. കല്ലുപുറം സ്വദേശി വിനോദ് ആണ് അപകടത്തിൽപ്പെട്ടത്. കിണറിൽ നിന്നും മണ്ണുമാറ്റുന്നത്തിനിടയിൽ വിനോദിന്റെ ദേഹത്ത് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ആദ്യഘട്ടത്തിൽ വിനോദിന്റെ തല ഉൾപ്പെടെ മണ്ണിനടിയിൽ പെട്ടുവെങ്കിലും സഹപ്രവർത്തകരായ രണ്ടു തൊഴിലാളികളും നാട്ടുകാരും ആദ്യ ഘട്ടത്തിൽ രക്ഷ പ്രവർത്തനം നടത്തി.  ഉടൻ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്‌ഥർ സ്ഥലത്തെത്തി രക്ഷ പ്രവർത്തനത്തിനും നേതൃത്വം നൽകി. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ  വൈകീട്ട് മൂന്നരയോടെ വിനോദിനെ രക്ഷപ്പെടുത്തി കൊല്ലം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഫയർഫോഴ്സ് എത്തുമ്പോൾ മണ്ണിൽ കുടുങ്ങിയ വിനോദിന് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ലെന്ന് രക്ഷാ പ്രവർത്തനത്തിന് നേത്യത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് കിണറ്റിൽ നിന്നും മണ്ണ് മാറ്റിയ ശേഷം രക്ഷാ പ്രവർത്തനംതുടർന്നു. പിന്നീട് ശ്രദ്ധയോടെ മണ്ണുമാറ്റി വടം കെട്ടി പതുക്കെ വിനോദിനെ ഉയർത്തുകയായിരുന്നു.  കഴിഞ്ഞ മാസം തിരുവനന്തപുരത്ത് കിണറിടിഞ്ഞ് മണ്ണിനടിയിൽപ്പെട്ടു ഒരാൾ മരിച്ചിരുന്നു.