ഹിജാബ് നിരോധനമടക്കം ബിജെപിയുടെ വിവാദ സർക്കുലറുകൾ പിൻവലിക്കാനൊരുങ്ങി കർണാടക കോൺഗ്രസ്

ക്രമസമാധാനം തകർക്കാൻ ശ്രമിച്ചാൽ ആർഎസ്എസിനേയും ബംജറംഗ്ദളിനേയും നിരോധിക്കുമെന്നും, എതിർപ്പുണ്ടെങ്കിൽ ബിജെപിക്ക് പാകിസ്ഥാനിലേക്ക് പോകാമെന്നും മന്ത്രി പ്രിയങ്ക് ഖർഗെ
 

ബെംഗ്ലൂരു : കർണാടകയിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിമാറിയ വിവാദസർക്കുലറുകൾ റദ്ദാക്കാനൊരുങ്ങി കോൺഗ്രസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം, നിർബന്ധിത മതപരിവർത്തന നിരോധന നിയമം, ഗോവധ നിരോധന നിയമം എന്നിവയാണ് റദ്ദാക്കാനൊരുങ്ങുന്നത്.ഇക്കാര്യം ഗൗരവമായി കോൺഗ്രസ് പരിഗണിക്കുകയാണെന്ന് മല്ലികാർജുൻ ഖർഗെയുടെ മകനും മന്ത്രിയുമായ പ്രിയങ്ക് ഖർഗെ വ്യക്തമാക്കി.
                   

18000 വിദ്യാർത്ഥികൾ , വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധന ഉത്തരവിന് പിന്നാലെ പഠനം നിർത്തിയെന്നും ഈ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കേണ്ടത് അനിവാര്യമെന്നും പ്രിയങ്ക് ഖർഗെ ചൂണ്ടികാട്ടി. നിർബന്ധിത മതപരിവർത്തന നിയമത്തിന് പിന്നാലെ അനാവശ്യ അറസ്റ്റുകൾ നടക്കുന്നുവെന്നും ഇത് തടയേണ്ടതുണ്ടെന്നുമാണ് കോൺഗ്രസ് നിലപാട്. യെദിയൂരപ്പ സർക്കാർ 2020ൽ നടപ്പാക്കിയ ഗോവധ നിരോധന നിയമവും പുനപരിശോധിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് പോലീസിനോട് കോൺഗ്രസ് നിർദേശിച്ചു. ക്രമസമാധാനം തകർക്കാൻ ശ്രമിച്ചാൽ ആർഎസ്എസിനേയും ബംജറംഗ്ദളിനേയും നിരോധിക്കുമെന്നും, എതിർപ്പുണ്ടെങ്കിൽ ബിജെപിക്ക് പാകിസ്ഥാനിലേക്ക് പോകാമെന്നും മന്ത്രി പ്രിയങ്ക് ഖർഗെ തുറന്നടിച്ചു. എന്നാൽ പൊലീസിനെയും നിയമങ്ങളെയും കോൺഗ്രസൈസ് ചെയ്യാനാണ് ശ്രമമെന്ന് ബിജെപി ആരോപിച്ചു.