സത്യങ്ങൾ പറയുമ്പോൾ സൈബർ ആക്രമണം; പ്രതികരിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

 
കൊച്ചി- കോടതി പരാമർശങ്ങൾക്കെതിരായ സൈബർ ആക്രമണങ്ങളിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. താനൂർ ബോട്ട് ദുരന്തത്തെ തുടർന്ന് സ്വമേധയാ കേസെടുത്തതിലും നടത്തിയ പരാമർശങ്ങളിലും കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വരുന്നുണ്ടെന്ന് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.ഈ വിഷയം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.. 
32 വര്‍ഷമായി ഞാന്‍ കോടതി നടപടികളുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയാണ്. 
ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാ‌ർ വിരുദ്ധമാകുമോ എന്ന് അദ്ദേഹം ചോദിച്ചു. ജഡ്‌ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല. കോടതിക്ക് നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നു. അഭിഭാഷകരും സൈബർ ആക്രമണത്തിന്റെ ഭാഗമാകുന്നു.- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. 
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ വൈകാരികമായി തളര്‍ന്നിരിക്കുകയാണ്. കുട്ടികളെ നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണം നടക്കെട്ട, അതില്‍ ഇടപെടുന്നില്ല. ഇതുവരേയും സഹിഷ്ണുത പാലിച്ചു. ലക്ഷണ രേഖ ഇതിനകം മറികടന്നു. ഇക്കാര്യത്തില്‍ നിശബ്ദരാക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.ബന്ധപ്പെട്ടവര്‍ ക്യത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തുമ്പോള്‍ മാത്രമാണ് ഇടപെടുന്നത്. മൈക്രോ മാനേജ്‌മെന്റ് ചെയ്യാനല്ല ഞങ്ങള്‍ ഇവിടെ വന്നത്. ചെയ്യേണ്ട പണിയില്‍ പരാജയപ്പെടുമ്പോള്‍ മാത്രമാണ് ഞങ്ങള്‍ ഇടപെടുന്നത്. രാജ്യത്തെ മികച്ച പൊലീസ് സേനയാണ് നമ്മുടേത്. അത് നിലനിര്‍ത്തേണ്ടതുണ്ട്. ബോട്ടുകളില്‍ അമിതമായി ആളുകളെ കയറ്റുന്നതാണ് പ്രശ്‌നം. ഗുരുത്വാകര്‍ഷണ കേന്ദ്രം എന്താണെന്ന് ഈ കൊച്ചുകുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അറിയാമോ? ഒരു കുടുംബത്തിന് 11 പേര്‍ നഷ്ടപ്പെട്ടതായി അറിഞ്ഞു. ഭരണഘടനയോടും ജനങ്ങളോടും ഞങ്ങള്‍ക്ക് ധാര്‍മ്മികതയുണ്ടെന്നും കോടതി വിമര്‍ശിച്ചു 
അടുത്തയാഴ്ച്ച കേസ് ചീഫ് ജസ്റ്റിസിന് മുമ്പിലേക്ക് എത്തുന്നതിനിടെ മറ്റൊരു ദുരന്തം കൂടി ഉണ്ടാവാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് സർക്കാർ കോടതിക്കൊപ്പം നിൽക്കണം.
കേരളത്തില്‍ സംഭവിച്ച മിക്ക ബോട്ട് അപകടങ്ങളുടേയും കാരണം അമിതമായി ആളുകളെ കയറ്റിയതാണ്. ഇത് തടയാന്‍ എന്താണ് ചെയ്തതെന്ന് കോടതി ആരാഞ്ഞപ്പോള്‍ ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മറുപടി നല്‍കി. എന്നാല്‍, കളക്ടര്‍ എന്നത് ഒരു ജില്ലയുടെ പ്രതിനിധിയാണ്. മിക്കവാറും എല്ലാ ജലാശയങ്ങളിലും ഇപ്പോള്‍ ബോട്ടുകളുണ്ട്. മികച്ച, സുരക്ഷിതമായ ടൂറിസമാണ് നമ്മള്‍ ആഗ്രഹിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.