ഐഎസ്‌ആര്‍ഒ ആദിത്യ എല്‍1 പകര്‍ത്തിയ ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രം പുറത്തുവിട്ടു 

 

ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ബഹിരാകാശ പേടകമായ ആദിത്യ എല്‍1 പകര്‍ത്തിയ ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രം പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. ഭൂമിയെ വലുതായി ചിത്രത്തില്‍ കാണാം.

ഭൂമിക്ക് ഏറെ അകലെയായി വലംവെക്കുന്ന ചെറിയ ചന്ദ്രനെയും ചിത്രത്തില്‍ കാണാൻ സാധിക്കും. നിലവില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ വലംവെക്കുന്ന ആദിത്യ സെപ്റ്റംബര്‍ നാലിനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ഇതോടൊപ്പം, പേടകം പകര്‍ത്തിയ രണ്ട് പരീക്ഷണ ഉപകരണങ്ങളുടെ ചിത്രവും ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടിട്ടുണ്ട്. സോളാര്‍ കൊറോണയെ കുറിച്ചുള്ള പഠനത്തിനുള്ള ഉപകരണമായ വിസിബിള്‍ ലൈൻ എമിഷൻ കൊറോണഗ്രാഫ് (VELC), സൂര്യന്‍റെ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍ എന്നിവയുടെ ചിത്രീകരണത്തിനുള്ള ഉപകരണമായ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (SUIT) എന്നിവയാണ് ഉപകരണങ്ങള്‍.