കഴിഞ്ഞ 24 മണിക്കൂറിനിടെ 18 രോഗികള്‍ക്ക് ഉണ്ടായത് കൂട്ടമരണം; ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ

 

മഹാരാഷ്ട്രയിലെ താനെയില്‍ സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. കൽവയിലെ ഛത്രപതി ശിവജി മഹാരാജ് മെമ്മോറിയൽ (സിഎസ്എംഎം) ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 18 രോ​ഗികൾ മരിച്ചെന്നാണ് റിപ്പോർട്ട്. ചികിത്സാപ്പിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു. 13 പേർ ഐ.സി.യുവിൽ കഴി‌ഞ്ഞവരാണ്.

പത്ത് സ്ത്രീകളും ആറ് പുരുഷന്മാരുമാണ് മരിച്ചത്. ഇവരിൽ 12 പേരും 50 വയസ് കഴിഞ്ഞവരാണ്. വൃക്കരോഗം, പക്ഷാഘാതം, അൾസർ, ന്യൂമോണിയ, വിഷബാധ തുടങ്ങിയ ചികിത്സയിലിരുന്നവരാണ് മരിച്ചത്. കൃത്യമായ ചികിത്സ നൽകിയില്ലെന്നും ആവശ്യത്തിന് ഡോക്ടർമാർ ഇല്ലായിരുന്നെന്നും ആരോപണമുണ്ട്. കുറേ ഡോക്ടർമാർ ഡെങ്കി ബാധിച്ച് അവധിയിലാണ്.

കഴിഞ്ഞ വ്യാഴാഴ്‌ച പന്ത്രണ്ട് മണിക്കൂറിൽ അഞ്ച് രോഗികൾ മരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതേ തുടർന്ന് കോവിഡ് യൂണിറ്റിലെ 500ഓളം ജീവനക്കാരെയും കൂടുതൽ നഴ്സിംഗ് സ്റ്റാഫിനെയും ആശുപത്രിയിൽ നിയോഗിച്ചു. ആരോഗ്യ കമ്മിഷണറുടെ നേതൃത്വത്തിൽ കളക്ടർ, ആരോഗ്യ ഡയറക്ടർ തുടങ്ങിയവരുൾപ്പെടുന്ന സമിതി അന്വേഷണം തുടങ്ങി.

താനെ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ, മരണ കാരണം, നൽകിയ ചികിത്സ, ഉപകരണങ്ങളുടെ അഭാവം തുടങ്ങിയവ സമിതി അന്വേഷിക്കും. വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി താനാജി സാവന്ത് അറിയിച്ചു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ സ്ഥിതി വിലയിരുത്തി. താനെയിലെ പ്രധാന സർക്കാർ ആശുപത്രിയായ ഇവിടെ അയൽ ജില്ലകളിൽ നിന്നുവരെ നിരവധി രോഗികളാണ് എത്തുന്നത്.

ദിവസം 500 രോഗികളെ ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയിൽ 650ലേറെ രോഗികൾ എത്താറുണ്ട്.ദിവസം ശരാശരി ആറോ ഏഴോ മരണം റിപ്പോർട്ട് ചെയ്യാറുണ്ട്. ചില ദിവസങ്ങളിൽ മരണം കൂടാറുമുണ്ട്. ചില രോഗികൾ ഗുരുതരാവസ്ഥയിലാണ് എത്തിയതെന്നും ചികിത്സയ്‌ക്കിടെ മരിച്ചതാണെന്നും ആശുപത്രി അധികൃതർ പറയുന്നു.