കർണാടകയിൽ മുസ്ലീം വിദ്യാർത്ഥികളോട് ' പാകിസ്ഥാനിലേക്ക് പോകാൻ' ആവശ്യപ്പെട്ട അധ്യാപികയ്ക്ക് സ്ഥലമാറ്റം 

 

ബെംഗളൂരു: കർണാടകയിലെ ശിവമോഗ ജില്ലയിലെ ഒരു സർക്കാർ സ്‌കൂൾ അധ്യാപിക അഞ്ചാം ക്ലാസിലെ രണ്ട് മുസ്ലീം വിദ്യാർത്ഥികളോട് 'പാകിസ്ഥാനിലേക്ക് പോകാൻ' ആവശ്യപ്പെട്ടതായി ആരോപണം. തുടർന്ന് മഞ്ജുള ദേവി എന്ന അധ്യാപികയെ സ്ഥലം മാറ്റുകയും അവർക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിഷയം സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ആരോപണങ്ങൾ പരിശോധിക്കാൻ അന്വേഷണം നടത്തിവരികയാണ്.

വെള്ളിയാഴ്ച രണ്ടു വിദ്യാർഥികൾ തമ്മിൽ ക്ലാസ്സിൽ വഴക്കിടുമ്പോഴാണ് സംഭവം. അധ്യാപിക ഇടപെട്ട് മുസ്ലീം സമുദായത്തിൽപ്പെട്ട ആൺകുട്ടികളെ ശകാരിച്ചു. "ഇത് നിങ്ങളുടെ രാജ്യമല്ല" ഇന്ത്യയെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ ‘പാകിസ്ഥാനിലേക്ക് പോകൂ’ എന്ന് അദ്ധ്യാപിക അവരോട് പറഞ്ഞതായും ആരോപണമുണ്ട്.

ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം ജനതാദൾ സെക്യുലറിന്റെ ന്യൂനപക്ഷ വിഭാഗം അധ്യക്ഷൻ എ നസ്‌റുല്ലയാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയത്. ആരോപണവിധേയമായ പ്രസ്താവനയ്ക്ക് വ്യക്തമായ തെളിവില്ലെങ്കിലും വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പി നാഗരാജ് സ്ഥിരീകരിച്ചതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.