കോണ്‍ഗ്രസ് അഴിമതിക്ക് ഗ്യാരണ്ടിയെങ്കില്‍, നിയമനടപടിക്ക് ഞാന്‍ ഗ്യാരണ്ടി; പരസ്യ പ്രതികരണവുമായി പ്രധാനമന്ത്രി

 

പ്രതിപക്ഷത്തെ പരസ്യമായി കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് അഴിമതിയുടെ ഗ്യാരണ്ടി ആണെങ്കില്‍ അഴിമതിക്കെതിരെയുള്ള നടപടിയുടെ ഗ്യാരണ്ടി താനാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഛത്തീസ്ഗഡിലെ റായ്പൂരിലെ സയന്‍സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന റാലിയെ അഭിസംബോധ ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി പ്രതികരണം അറിയിച്ചത്.

കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്രം അഴിമതിയാണെന്ന് ആരോപിച്ച പ്രധാനമന്ത്രി മോദി, പഴയ പാര്‍ട്ടി അഴിമതിയുടെ ഗ്യാരണ്ടി ആണെങ്കില്‍ അഴിമതിക്കെതിരെയുള്ള നടപടിയുടെ ഗ്യാരണ്ടി താനാണെന്ന് പറഞ്ഞു. എല്ലാ വകുപ്പുകളും അഴിമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഛത്തിഗഢിനെ കോണ്‍ഗ്രസ് എടിഎം ആക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപണം ഉയര്‍ത്തി.

2019ല്‍ രണ്ടാം തവണയും പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് റായ്പൂരില്‍ സന്ദര്‍ശനം നടത്തുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡില്‍ ജനങ്ങളെ ഇവര്‍ വഞ്ചിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഡിലെ അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ ദുര്‍ഭരണത്തിന്റെ മാതൃകയായി മാറിയെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിനെ വേരോടെ പിഴുതെറിയാന്‍ ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു