കേരളത്തിൽ മഴ കനക്കാൻ സാധ്യത; ഇന്ന്  11 ജില്ലകളിൽ യെല്ലോ അലർട്ട്

 

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. അടുത്ത ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പുലർച്ചെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പലയിടത്തും ശക്തമായ മഴ ലഭിച്ചു.

സെപ്റ്റംബർ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.