ഇടുക്കിയിൽ ജനകീയ ഹർത്താൽ തുടങ്ങി

 
ഇടുക്കി - അരിക്കൊമ്പനെ പിടികൂടാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞതിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ ജനകീയ ഹര്‍ത്താല്‍ ആരംഭിച്ചു. ചിന്നക്കനാല്‍, ശാന്തന്‍പാറ, മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുമ്പന്‍ചോല, ബൈസണ്‍വാലി, ദേവികുളം, രാജകുമാരി എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ നടക്കുന്നത്. രാവിലെ 6 മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും വനംവകുപ്പ് നടത്തിയിരുന്നെങ്കിലും കോടതി ഇതിന് അനുവദിച്ചിരുന്നില്ല. ബുധനാഴ്ച ഇത് സംബന്ധിച്ചുള്ള ഹര്‍ജി പരിഗണനക്കെടുത്ത ഹൈക്കോടതി അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കാന്‍ അനുവാദം നല്‍കിയിരുന്നില്ല. ഇത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. കോടതി ഉത്തരവിനെതിരെ വലിയ ജനരോഷമാണ് ഉയര്‍ന്നത്. ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളില്‍ ഇന്നലെ രാത്രി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ആനയെ പിടികൂടുകയെന്നതല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ എന്താണ് ആലോചിക്കാത്തതെന്നാണ് വനംവകുപ്പിനോട് ഹൈക്കോടതി ചോദിച്ചത്. അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം അവിടുത്തെ കോളനികളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ആനത്താരയില്‍ എങ്ങനെയാണ് ജനവാസമുള്ള സെറ്റില്‍മെന്റ് കോളനി സ്ഥാപിച്ചത് എന്ന ചോദ്യവും കോടതി ഉയര്‍ത്തി. ആനയെ പിടികൂടാതെ മറ്റെന്തെങ്കിലും പരിഹാരമാര്‍ഗങ്ങളുണ്ടോയന്ന കാര്യം അറിയിക്കാന്‍ കോടതി വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
ഇന്ന് പുലർച്ചെ 4 ന് അരിക്കൊമ്പനെ പിടിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിരിക്കെ വന്ന കോടതി വിധി ജനങ്ങളെ രോഷാകുലരാക്കി.