വിസിമാർ രാജിവെക്കണമെന്ന ആവശ്യം: ഗവർണറെ വിമർശിച്ച് മൂവാറ്റുപുഴ അഷറഫ് മൗലവി

 

തിരുവനന്തപുരം: കേരളത്തിലെ ഒമ്പത് വിസിമാർ രാജിവെക്കണമെന്ന ഗവർണറുടെ നിലപാട് അപക്വമാണെന്നും ഗവർണർ സംഘപരിവാര രാഷ്ട്രീയത്തിന്റെ പ്രതിനിധി ആകരുതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷറഫ് മൗലവി. ഗവർണർ രാഷ്ട്രപതി ഭവൻ്റെ പ്രതിനിധിയാകണം. ജനാധിപത്യത്തിൽ നിയമവും നിയമവാഴ്ചയെ ഊട്ടി ഉറപ്പിക്കുന്ന ചില പിന്തുടർച്ച രീതികളുമാണ് അംഗീകരിക്കേണ്ടത്. അതിനെതിരെയുള്ള ഇത്തരം സമീപനങ്ങൾ അപകടകരമാണ്. രാജ്യം തകർന്നാലും പ്രശ്നമില്ല, തങ്ങളുടെ താല്പര്യം നടപ്പിലാക്കണമെന്ന് വാശിപിടിക്കുന്ന സംഘപരിവാര രാഷ്ട്രീയത്തിന് കളമൊരുക്കുന്ന പ്രക്രിയക്കാണ് കേരള ഗവർണർ ആക്കം കൂട്ടാൻ ശ്രമിക്കുന്നതെന്നും അഷ്‌റഫ് മൗലവി കുറ്റപ്പെടുത്തി.

ജനാധിപത്യത്തിൽ ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമ സംവിധാനത്തിനാണ് മുൻതൂക്കമുള്ളത്. ഈ സംവിധാനത്തെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഗവർണർ പദവി എന്നത് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ പ്രാതിനിധ്യമല്ല. ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റ് ഉന്നയിച്ച ആവശ്യം തൊട്ടു പിന്നാലെ ഗവർണർ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ആ പദവിയുടെ വിശ്വാസ്യതയെ തകർക്കുന്നതാണ്. ജനാധിപത്യ സംവിധാനത്തെ അസ്ഥിരപ്പെടുത്തുന്ന ഇത്തരം സമീപനങ്ങളിൽ നിന്നും ഗവർണർ വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.