രാഹുലിന് പിന്തുണയുമായി സി പി എം നേതൃത്വം

എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമര്‍ച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതി: പിണറായി
 

രാഹുല്‍ ഗാന്ധിക്ക് അയോഗ്യത കല്‍പ്പിച്ച നടപടിക്കെതിരെ ശക്തമായ പ്രതികരണങ്ങളുമായി പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയും കേരള മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ള സി പി എം നേതാക്കള്‍ രംഗത്തുവന്നു.
ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് പിണറായി വിജയന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നല്‍കിയതും കോടതി വിധി മുന്‍നിര്‍ത്തി ലോക്‌സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമര്‍ച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്.  
സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങള്‍ക്ക് ഇവിടെ എന്ത് രക്ഷ. ഭരണഘടനാ മൂല്യങ്ങള്‍ക്ക് ഇവര്‍ എന്ത് വിലയാണ് നല്‍കുന്നത്. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എം പിമാരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തതും ഇതിന്റെ മറ്റൊരു ഭാഗമാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ ഡല്‍ഹിയില്‍ കൂട്ടത്തോടെ കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്തു. ഇതൊന്നും ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ല.  
വിമര്‍ശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണ്. രാഹുല്‍ ഗാന്ധിക്കെതിരെ ഉണ്ടായ നടപടിയെ ഈ തിരിച്ചറിവിന്റെ വെളിച്ചത്തില്‍ നോക്കിക്കാണാനും ശക്തമായി പ്രതികരിക്കാനും ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം മുന്നോട്ടു വരണമെന്ന് പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.
അപകീര്‍ത്തി കേസുകളുടെ മറവില്‍ പ്രതിപക്ഷ നേതാക്കളെ അയോഗ്യരാക്കാനുള്ള ബി ജെ പിയുടെ നീക്കം അപലപനീയമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇഡിയെയും സി ബി ഐയെയും ദുരുപയോഗിക്കുന്നതിന്റെ മറ്റൊരു രൂപമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇതിനെ എതിര്‍ത്ത് പരാജയപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.