എം വി ഗോവിന്ദന്റെ പ്രസ്താവന കലാപാഹ്വാനമെന്ന് ഡി ജി പിക്ക് പരാതി
തിരുവനന്തപുരം- മോന്സണ് മാവുങ്കല്‍ പ്രതിയായ ലൈംഗിക പീഢന കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ പരാമര്‍ശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെനെതിരെ ഡിജിപിക്ക് പരാതി. പൊതുപ്രവര്ത്തകന് പായിച്ചിറ നവാസാണ് പരാതി നല്‍കിയത്.സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ബോധപൂര്‍വാണ് ഇത്തരം പരാമര്‍ശം നടത്തിയതെന്നു പരാതിയില്‍ പറയുന്നു. സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണ് എന്നാണ് പരാതിയിലെ ആരോപണം.
അതേസമയം എം.വി.ഗോവിന്ദന് പറഞ്ഞത് പൊലീസ് എഫ്ഐആറില്‍ ഇല്ലെന്നു കേസിലെ പ്രതി മോന്സന് മാവുങ്കലിന്റെ അഭിഭാഷകന് അറിയിച്ചു. അതിജീവിത നല്കിയ രഹസ്യമൊഴിയിലും ഇക്കാര്യമില്ല. പ്രോസിക്യൂഷന് സാക്ഷികള്‍ ആരും സുധാകരന്റെ പേര് പറഞ്ഞിട്ടില്ലെന്നും അഭിഭാഷകന് വ്യക്തമാക്കി. മോന്സന് മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരന് അവിടെ ഉണ്ടായിരുന്നു എന്ന് പാര്‍ട്ടി മുഖപത്രത്തിലെ വാര്‍ത്ത ഉദ്ധരിച്ചാണ് ഗോവിന്ദന് ആരോപിച്ചത്.