യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് വേദിയില്‍ ഡി വൈ എഫ് ഐയെ പുകഴ്ത്തി രമേശ് ചെന്നിത്തല

 
പൊതിച്ചോര്‍ മാതൃക, യൂത്ത് കെയറില്‍ 'കെയര്‍' മാത്രം ഉണ്ടായില്ല

കാസര്‍കോട്- യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോവിഡ് കാലത്ത് നാട്ടില്‍ സജീവമായത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന 'ഹൃദയപൂര്‍വം' പദ്ധതി മാതൃകയാക്കണമെന്നും ചെന്നിത്തല യൂത്ത് കോണ്‍ഗ്രസിന്റെ കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് കാലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയറില്‍ 'കെയര്‍' മാത്രം ഉണ്ടായില്ലെന്നും അദ്ദേഹം പരിഹസിച്ചു. പുതിയ ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നമുക്ക് ചെയ്യാനുണ്ട്. ഒരോ പ്രദേശങ്ങളിലും യൂത്ത് കോണ്‍ഗ്രസുകാര്‍ സന്നദ്ധ സേവകരെപ്പോലെ ജനങ്ങള്‍ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി അവരെ കോണ്‍ഗ്രസിന് അനുകൂലമാക്കി മാറ്റുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ഇല്ലെന്ന വിശ്വാസത്തിലാണ് ചെന്നിത്തല തുറന്നു പറച്ചില്‍ നടത്തിയത്. പത്രക്കാര്‍ ഇല്ലല്ലോ എന്ന് സംഘാടകരോടോ ചോദിച്ച് ഉറപ്പുവരുത്തുകയും ചെയ്യുന്നത് ദൃശ്യത്തിലുണ്ട്. എന്നാല്‍ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രസംഗ ദൃശ്യം പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.
ഡിവൈഎഫ്‌ഐയുടെ പദ്ധതിയെ പുകഴ്ത്തുന്ന ചെന്നിത്തലയുടെ വിഡിയോ ഇടതു സൈബര്‍ ഇടങ്ങളില്‍ വൈറലായി മാറി. നേതാക്കളക്കം ചെന്നിത്തലയുടെ പ്രസംഗ ശകലം പങ്കുവെച്ചു. ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവച്ച ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹിം ചെന്നിത്തലക്ക് നന്ദിയും അറിയിച്ചു.