ഇതുവരെ ചികിത്സ തേടിയത് 678 പേര്‍

ബ്രഹ്മപുരത്ത്‌ ആശങ്ക വേണ്ടെന്ന് മന്ത്രി രാജീവ്

 
അഞ്ചു മീറ്ററോളം അടിയിലേക്ക് തീ പടര്‍ന്നതു കൊണ്ടാണ് പ്രതീക്ഷിച്ച വേഗതയില്‍ തീയണയ്ക്കാന്‍ കഴിയാതെ പോയ്ത്. എന്നാല്‍ എത്രയും വേഗം പുക അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിശ്രമമില്ലാതെ തുടരുകയാണ്.

കൊച്ചി-ബ്രഹ്മപുരത്ത് തീപിടുത്തത്തെ തുടര്‍ന്ന് ഇതുവരെ ചികിത്സ തേടിയത് 678 പേരാണെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. 421 പേരും ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ക്യാമ്പുകളിലെത്തിയവരാണ്. ഇതില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ, കെഎസ്ഇബി, പോലീസ് തീയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെല്ലാം ക്യാമ്പിന്റെ ഭാഗമായി വന്നിട്ടുണ്ട്. 17 പേര്‍ മാത്രമാണ് ഇന്‍പേഷ്യന്റ് ആയി വന്നത്. രണ്ട് പേരാണ് ഐസിയുവിന്റെ സഹായം തേടിയത്. ഇവരുടെ സ്ഥിതി തൃപ്തികരമാണ്. ആരോഗ്യപ്രശ്നങ്ങളും ചര്‍ച്ച ചെയ്തു. ഐഎംഎ അംഗങ്ങളുടെയും സ്വകാര്യ ആശുപത്രി പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. പൊതുവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. എന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. സ്മോക്ക് ഐസിയുകള്‍ തുറന്നിട്ടുണ്ട്. രണ്ട് കണ്‍ട്രോള്‍ റൂമുകളും തുടങ്ങി. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ ക്യാംപുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി.
ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അഞ്ചു മീറ്ററോളം അടിയിലേക്ക് തീ പടര്‍ന്നതു കൊണ്ടാണ് പ്രതീക്ഷിച്ച വേഗതയില്‍ തീയണയ്ക്കാന്‍ കഴിയാതെ പോയ്ത്. എന്നാല്‍ എത്രയും വേഗം പുക അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിശ്രമമില്ലാതെ തുടരുകയാണ്.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും തുടര്‍ന്നുണ്ടായ പുകയും അണയ്ക്കുന്നതിന് രാജ്യത്ത് ലഭ്യമാകുന്ന എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെന്ന് മന്ത്രി പി. രാജീവ്. സര്‍വകലാശാലകള്‍, മാലിന്യ സംസ്‌കരണ വിദഗ്ധര്‍ തുടങ്ങി ലഭ്യമായ വിദഗ്ധരുടെയെല്ലാം അഭിപ്രായം ഏകോപിപ്പിച്ച് കൃത്യമായാണ് പദ്ധതി നടപ്പാക്കിയത്. നേരത്തേ മൂന്ന് തവണ തീപിടിത്തമുണ്ടായപ്പോഴും നാല് ദിവസങ്ങള്‍ക്കുള്ളില്‍ അണഞ്ഞു. എന്നാല്‍ ഇത്തവണ അത് ഒന്‍പത് ദിവസം വരെ നീണ്ടു. തുടര്‍ന്ന് സര്‍ക്കാരിന്റെ സജീവമായ ഇടപെടലുണ്ടായി. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഏകോപന സംവിധാനമുണ്ടാക്കി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ മാലിന്യക്കൂമ്പാരം ഇളക്കി അകത്തേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ രാവും പകലും നടത്തി. 55 എസ്‌കവേറ്ററുകളാണ് ഇതിനായി ഉപയോഗിച്ചത്. നേവിയുടെയും വ്യോമസേനയുടെയും സേവനം പ്രയോജനപ്പെടുത്തി.
ജില്ലാ കളക്ടര്‍ ചുമതലയേറ്റ ശേഷം ഉടന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. രാത്രിയില്‍ സബ് കളക്ടറുടെയും ഡെപ്യൂട്ടി കളക്ടറുടെയും നേതൃത്വത്തില്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഇതേ തുടര്‍ന്ന് നിലവില്‍ 80% ഭാഗത്തെയും പുക ശമിപ്പിക്കാനായി. ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെയും സിവില്‍ ഡിഫന്‍സിന്റെയും കോര്‍പ്പറേഷന്‍ ജീവനക്കാരുടെയും എസ്‌കവേറ്റര്‍ ഡ്രൈവര്‍മാരുടെയും വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് നടക്കുന്നത്. എട്ട് സെക്ടറുകളായി തിരിഞ്ഞാണ് പുക അണയ്ക്കല്‍. ഇനി മൂന്ന് സ്ഥലത്താണ് പുക അണയ്ക്കാനുള്ളത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.